തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധനവിനും ഇന്ധന സെസ് വർധനവിനുമെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് വിവിധ ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പലയിടത്തും മാർച്ചിൽ സംഘർഷമുണ്ടായി.
കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിൽ കലാശിച്ചു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൊച്ചി, പത്തനംതിട്ട, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായി. കൊച്ചിയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ ബിജെപി മാർച്ചിൽ സംഘർഷം ഉണ്ടായി. പ്രതിഷേധക്കാർ പൊലീസിനുനേരെ കല്ലെറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
നിയമസഭയ്ക്ക് പുറത്ത് തുടങ്ങിയ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഈ മാസം 13, 14 തീയതികളില്‍ യുഡിഎഫിന്റെ രാപ്പകല്‍ സമരം നടക്കും. ഇതിനൊപ്പം വിവിധ ഘടകകക്ഷികളും വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകളും വിവിധ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് മുന്‍പും നിയമസഭയില്‍ സത്യാഗ്രഹ സമരങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും ഒരു മന്ത്രിയും സമരം ചെയ്യുന്നവരെ അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും സത്യാഗ്രഹികളെ അപമാനിക്കുകയും പ്രതിപക്ഷ സമരത്തെ പുച്ഛിക്കുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നികുതി അടയ്‌ക്കേണ്ടെന്ന് ആഹ്വാനം ചെയ്ത പിണറായി വിജയന് ഇപ്പോള്‍ നികുതിക്കൊള്ളയ്ക്ക് എതിരായ സമരത്തോട് പുച്ഛമാണ്. ഇത് അധികാരത്തിന്റെ ധിക്കാരമാണ്. പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ട് നികുതി നിർദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന് ലോകത്ത് ഒരു സര്‍ക്കാരും ഇന്നുവരെ പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി പിടിവാശി ഉപേക്ഷിച്ച് നികുതി നിർദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വര്‍ധിപ്പിച്ച നികുതി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും.
സമരം ചെയ്യുകയും സര്‍ക്കാരിന്റെ മുഖംമൂടി വലിച്ച് കീറി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്നുമുള്ള ദൗത്യമാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളെ മറന്ന സര്‍ക്കാരിന് അധികാരത്തിന്റെ ഹുങ്കാണ്. അന്യായവും അശാസ്ത്രീയവുമായി നികുതികള്‍ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇന്ധനത്തിന് ഇപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനം നികുതിയും കിഫ്ബിക്ക് വേണ്ടിയുള്ള സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ധന സെസ് പൂര്‍ണമായും പിന്‍വലിക്കണം. ഇന്ധന സെസ് സ്വാഭാവിക വിലക്കയറ്റത്തിനും കൃത്രിമ വിലക്കയറ്റത്തിനും ഇടയാക്കും. സ്വര്‍ണക്കച്ചവടക്കാരന്റെയും ബാറുകാരന്റെയും കയ്യില്‍ നിന്നും കിട്ടാത്ത നികുതി സാധാരക്കാരന്റെ പോക്കറ്റില്‍ നിന്നും പിടിച്ചുപറിക്കാനുള്ള നീക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് സതീശൻ അഭിപ്രായപ്പെട്ടു.