തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് രണ്ട് ശതമാനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടപടിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“റിലയൻസിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാർട്ടിയാണ് കോൺഗ്രസ്. 2015 ലെ ബജറ്റിൽ യുഡിഎഫ് സർക്കാർ ഒരു രൂപ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്,” മുഖ്യമന്ത്രി വ്യക്തമാക്കി.
“സര്‍ക്കാരിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ജനം മുഖവിലക്ക് എടുക്കില്ല. കേരളം കടക്കെണിയില്‍ ആണെന്നത് വ്യാജപ്രചാരണം മാത്രമാണ്. കേരളത്തിന്റെ കടം 2020-21 കാലത്ത് സംസ്ഥാന ജിഡിപിയുടെ 38.51 ശതമാനമായിരുന്നു. അതിപ്പോള്‍ 36.38 ശതമാനമായി കുറഞ്ഞു. ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“കോവിഡ് കാലത്ത് സാമ്പത്തിക മേഖലയില്‍ തളര്‍ച്ചയുണ്ടായി. അത് കേരളത്തിന് മാത്രമായി സംഭഴിച്ചതല്ല. ആഗോള തലത്തില്‍ പ്രകടമായിരുന്നു. കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് കണക്കുകള്‍ മറുപടി പറയും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ഇവിടെ പ്രതിപക്ഷം പിന്തുണയ്ക്കുകയാണ്,” മുഖ്യമന്ത്രി കുറ്റപ്പെടുത്തി.