കൊച്ചി: മാസ്‌ക് ധരിച്ചാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുകയാണ് ആലപ്പുഴ. നാല് ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ച ആലപ്പുഴയിലെ ജനകീയ ലബോറട്ടറിയില്‍ എത്തിയ രണ്ടായിരത്തിലേറെ പേര്‍ക്ക് രോഗലക്ഷണങ്ങളില്ലാത്തത് പ്രതിരോധ നടപടികളുടെ പ്രാധാന്യമാണു വ്യക്തമാക്കുന്നത്.

കൊറോണ വൈറസില്‍നിന്നു രക്ഷപ്പെടാന്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്ന യുഎസ് ആസ്ഥാനമായ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. മിസോറിയിലെ ഒരു ഹെയര്‍ സലൂണിന്റെ കേസ് പഠനം ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. സലൂണിലെ രണ്ട് സ്‌റ്റൈലിസ്റ്റുകള്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇവരുമായി ഇടപെട്ട 140 പേര്‍ക്ക് രോഗം ബാധിച്ചിരുന്നില്ല. ഇതിനുകാരണം സ്‌റ്റൈലിസ്റ്റുകള്‍ മുഖം മറച്ചിരുന്നുവെന്നതാണ്. ഒറ്റ കേസില്‍ ഇതിനേക്കാള്‍ കൂടുതല്‍ സമ്പര്‍ക്കമുണ്ടായ സംഭവമാണ് ആലപ്പുഴയിലേത്.

മാസ്‌കും കയ്യുറകളും ധരിച്ചതിനാല്‍ 2123 പേരാണ് ആലപ്പുഴയില്‍ വൈറസ് ബാധയില്‍നിന്നു രക്ഷപ്പെട്ടത്. നാല് ജീവനക്കാര്‍ക്കു രോഗം സ്ഥിരീകരിച്ച ജനകീയ ലബോറട്ടറി സന്ദര്‍ശിച്ചവരാണ് ഇവര്‍. രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ബുധനാഴ്ച പൂര്‍ത്തിയാക്കിയ ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളില്ല.

ആലപ്പുഴയിലെ ജനകീയ ലബോറട്ടറി

”ലാബിലെ ജീവനക്കാരില്‍ ഒരാള്‍ ജൂലൈ 16 നു കോവിഡ് പോസിറ്റീവ് ആയി. ഒരു ശസ്ത്രക്രിയയ്ക്കു മുന്‍പ് നടന്ന കോവിഡ് പരിശോനയിലാണ് ഈ സ്ത്രീയുടെ ഫലം പോസിറ്റീവ് ആയത്. അതേ ദിവസം തന്നെ മറ്റു മൂന്നു പേരുടെയും ഫലം പോസിറ്റീവ് ആയി. ലാബില്‍ ധാരാളം ആളുകള്‍, പ്രത്യേകിച്ച് പ്രായമായവര്‍ വിവിധ പരിശോധനകള്‍ക്കു വരുന്നതിനാല്‍ ഞങ്ങള്‍ ആശങ്കപ്പെട്ടു. സന്ദര്‍ശകപ്പട്ടിക പരിശോധിച്ചപ്പോള്‍ ജൂലൈ രണ്ടിനും 15 നുമിടയില്‍ 2123 പേര്‍ ലാബിലെത്തിയതായി മനസിലായി,”ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും ജനകീയ ലബോറട്ടറി നടത്തുന്ന സ്‌നേഹജാലകം പാലിയേറ്റീവ് കമ്യൂണിറ്റിയിലെ സജീവ അംഗവുമായ ജയന്‍ തോമസ് പറഞ്ഞു.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കു സേവനം നല്‍കാന്‍ ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച ലബോറട്ടറിയില്‍ ടെസ്റ്റുകള്‍ക്കു സബ്‌സിഡിയുണ്ട്. ഇതിനാല്‍ ലാബിൽ ധാരാളം പേർ എത്താറുണ്ട്. തീരപ്രദേശങ്ങളിലെ കിടപ്പുരോഗികളുടെ പരിചരിക്കുന്ന നഴ്സും ഡ്രൈവറായ സന്നദ്ധപ്രവര്‍ത്തകനും ഉള്‍പ്പെടുന്ന പാലിയേറ്റീവ് വിഭാഗവും ലാബിന്റെ ഭാഗമാണ്. ഈ രണ്ടുപേരും ദിവസവും ലാബില്‍ എത്തുന്നവരാണ്.

ജീവനക്കാര്‍ക്കു കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ ലബോറട്ടറി അടയ്ക്കുകയും മുഴുവന്‍ ജീവനക്കാരോടും ക്വാറന്റൈനില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. രോഗബാധിതരാകാന്‍ സാധ്യതയുള്ള, ജയന്‍ തോമസിനെയും പാലിയേറ്റീവ് ജീവനക്കാരെയും പോലുള്ള ലാബില്‍ നിത്യവുമെത്തുന്നവരെ ദ്രുത ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാല്‍ എല്ലാ സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു.

Also Read: കോവിഡ്: വലിയ അപകടത്തിലേക്ക് കേരളം പോവാതിരുന്നതിനു കാരണം ചിട്ടയായ പ്രവര്‍ത്തനമെന്നു മുഖ്യമന്ത്രി

എല്ലാ സന്ദര്‍ശകരെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നത് അപ്രായോഗികമാണ്. അതിനാല്‍, 2123 പേരോടും അവരുമായി സമ്പര്‍ക്കത്തിലുള്ളവരോടും 14 ദിവസത്തെ കര്‍ശന ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പും തദ്ദേശഭരണ ഉദ്യോഗസ്ഥരും നിര്‍ദേശിക്കുകയായിരുന്നു. 10 വാര്‍ഡുകളിലായാണ് ഇത്രയും പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ ശാരീരികമായി നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളില്‍ ഫോണില്‍ വിളിക്കുകയും ചെയ്യുമായിരുന്നു.

ലബോറട്ടറിയിലെ സന്ദര്‍ശക പുസ്തകത്തില്‍ വിശദാംശങ്ങളുള്ളതിനാല്‍ അവരുമായി ബന്ധപ്പെടാന്‍ അധികൃതര്‍ക്കു പ്രയാസമില്ല. ചെറിയതോതില്‍ പോലും രോഗലക്ഷണങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ ഇവരോട് നിര്‍ദേശിച്ചിരുന്നു. ലാബ് സന്ദര്‍ശിച്ചവരില്‍ 10 ശതമാനം പേരെങ്കിലും പോസിറ്റീവ് ആയാല്‍, കുടുംബങ്ങളെയും പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരെയും കണക്കിലെടുത്താല്‍ അത് മേഖലയില്‍ വലിയ സാമൂഹ്യവ്യാപനത്തിനു കാരണമാകുമായിരുന്നുവെന്നും ജയന്‍ തോമസ് പറഞ്ഞു.

ക്വാറന്റൈനില്‍ കഴിഞ്ഞ ആര്‍ക്കും രോഗലക്ഷണങ്ങളില്ലാത്തത് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുടെ വിജയമായാണു ജയന്‍തോമസ് വിശേഷിപ്പിക്കുന്നത്. ഒപ്പം സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതു പോലെ മാസ്‌കുകള്‍ ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

”കോവിഡിന്റെ തുടക്കത്തില്‍ തന്നെ ലാബില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജീവനക്കാരെ അറിയിച്ചിരുന്നു. മാസ്‌കുകള്‍ ഇല്ലാതെ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ജീവനക്കാര്‍ മാസ്‌ക്, കയ്യുറകള്‍, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉപയോഗിക്കാനും നിര്‍ദേശിച്ചു. ശരിയായ നടപടികള്‍ സ്വീകരിച്ചാല്‍, രോഗപ്പകര്‍ച്ച തടയാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഞങ്ങളുടെ അനുഭവം,” ജയന്‍ തോമസ് പറഞ്ഞു.

Also Read: വീട്ടിലെ ചികിത്സ: നിരീക്ഷണത്തിന്  ത്രിതല സംവിധാനമെന്ന് മുഖ്യമന്ത്രി

ലാബില്‍ ആദ്യം പോസിറ്റീവ് സ്ഥിരീകരിച്ച ജീവനക്കാരിക്ക് അയല്‍വാസിയായ മത്സ്യത്തൊഴിലാളിയില്‍നിന്ന് അണുബാധയുണ്ടായെന്നാണു കരുതെന്നതെന്ന് ജയന്‍ തോമസ് പറഞ്ഞു. ഇദ്ദേഹം സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്ററുകളിലൊന്നായ എറണാകുളത്തെ ചെല്ലാനം തുറമുഖം സന്ദര്‍ശിച്ചിരുന്നു.

Read in IE: 4 positive lab staff, but all 2,123 contacts ‘negative’: From Kerala, a validation of how masks cap spread of Covid-19

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.