scorecardresearch

നിലപാടിൽ വേരുറപ്പിച്ച മനുഷ്യൻ; പി ടി തോമസിനെക്കുറിച്ചുള്ള ഓർമകളിൽ സുഹൃത്തുക്കൾ

വിദ്യാർത്ഥി കാലഘട്ടത്തിൽ ആരംഭിച്ച് നാല് പതിറ്റാണ്ടിലേറെ നീണ്ട സുഹൃദ് ബന്ധമുള്ള വേണു രാജാമണി, സി ഐ സി സി ജയചന്ദ്രൻ, കെ സി സുരേഷ് കുമാർ എന്നിവർ പി ടി തോമസിനെ ഓർമിക്കുന്നു

നിലപാടിൽ വേരുറപ്പിച്ച മനുഷ്യൻ; പി ടി തോമസിനെക്കുറിച്ചുള്ള ഓർമകളിൽ സുഹൃത്തുക്കൾ

കേരള രാഷ്ട്രീയത്തിൽ അധികാരത്തിനപ്പുറം നിലപാടുകളിൽ ഉറച്ചുനിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു പി ടി തോമസ് എന്ന കോൺഗ്രസ് നേതാവിന്റേത്. തന്റെ പാർട്ടിയുടെ സംസ്ഥാന നേതൃത്വവും അതിലെ വിവിധ ഗ്രൂപ്പുകളും പിന്നിൽനിന്നു കുത്തിയപ്പോഴും കത്തോലിക്ക സഭയുടെ ഭീഷണിക്കു വഴങ്ങി കൈവിട്ടപ്പോഴും നിലപാടിൽ നിലയുറച്ചുനിന്ന നേതാവായിരുന്നു പി ടി തോമസ്.

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സുതാര്യതയുടെ അടയാളവാക്യമായിരുന്നു പി ടി. പൊതുസമൂഹത്തോട് എന്ത് പറഞ്ഞുവോ അതുതന്നെ വ്യക്തി ജീവിതത്തിലും പാലിച്ച രാഷ്ട്രീയക്കാരൻ. ഗാന്ധിയൻ ആദർശങ്ങളെയും നെഹ്രുവിയൻ കാഴ്ചപ്പാടുകളെയും സ്വന്തം ജീവിതത്തിൽ സ്വാംശീകരിച്ച് രാഷ്ട്രീയത്തിൽ സ്വന്തം വഴി വെട്ടിത്തെളിച്ച് മുന്നോട്ടു നടന്ന ജനപ്രതിനിധി.

കേരളത്തിലെ വ്യവസ്ഥാപിത അധികാര പാർട്ടികളൊക്കെ കത്തോലിക്കസഭയുമൊക്കെ ഗാഡ്ഗിൽ കമ്മിറ്റിക്കും പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെയും പടയൊരുക്കി രംഗത്തിറങ്ങിയപ്പോൾ അവരെ എതിർത്ത് പരിസ്ഥിതിക്കൊപ്പം ഭാവി തലമുറയ്ക്ക് വേണ്ടി നിലയുറപ്പിക്കാൻ പി ടി തോമസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പരിസ്ഥിതിക്കു വേണ്ടി നിലകൊണ്ട പി ടി തോമസിന് അധികാരത്തിലേക്കുള്ള വഴി അടയുകയായിരുന്നു ചെയ്തത്. അധികാരമല്ല, അടുത്ത തലമുറയാണ് മുഖ്യം. അതിനായി പരിസ്ഥിതിയും പശ്ചിമഘട്ടവും സംരക്ഷിക്കാൻ തനിക്ക് മുന്നിലെ അധികാര കസേരയെ തള്ളിപ്പറയാൻ പി ടിക്കു മടിയുണ്ടായില്ല.

സത്യത്തിനും മനുഷ്യസ്നേഹത്തിനും ധാർമികതയ്ക്കും ഒപ്പം രാഷ്ട്രീയത്തിലെ നിറങ്ങൾക്കപ്പുറം പാറപോലെ ഉറച്ചുനിന്ന സുഹൃത്തിനെ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായ സുഹൃത്തുക്കൾ ഓർമിക്കുന്നു. 1978ൽ പി ടി തോമസിനും അദ്ദേഹം നേതൃത്വം നൽകിയ കെ എസ് യുവിനുമെതിരെ എസ് എഫ് ഐയുടെ പടനായകനായിരുന്ന സി ഐ സി സി ജയചന്ദ്രൻ, പിടി തോമസിനൊപ്പം നിലയുറപ്പിച്ച മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥനും ഇപ്പോൾ കേരള സർക്കാരിന്റെ എക്‌സ്‌റ്റേണൽ കോഓപ്പറേഷൻ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായ വേണു രാജാമണി, സി ഐ എസ് എഫ് മുൻ ഡി ഐ ജിയും ജിൻഡാൽ സ്റ്റീൽ വൈസ് പ്രസിഡന്റുമായ കെ സി സുരേഷ് കുമാർ എന്നിവർ പിടി തോമസിനെക്കുറിച്ച് ഓർമിക്കുന്നു.

നിർമല സ്നേഹത്തിനുടമയായ നേതാവ്: വേണു രാജാമണി

നിർമലമായ സൗഹൃദം കൊണ്ട് കക്ഷിരാഷ്ട്രീയത്തിലെ അതിരുകൾ ഭേദിച്ച മനുഷ്യസ്നേഹിയായ നേതാവായിരുന്നു പി ടി തോമസെന്ന് സംസ്ഥാന സർക്കാരിന്റെ എക്‌സ്‌റ്റേണൽ കോഓപ്പറേഷൻ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായ മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥൻ വേണു രാജാമണി ഓർമിക്കുന്നു.

പി ടി തോമസ് എം എയ്ക്ക് പഠിക്കാനായി 1978ൽ മഹാരാജാസിൽ വരുമ്പോൾ ഞാൻ അവിടെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിയാണ്. എന്നേക്കാൾ വളരെ സീനിയറായിരുന്നു പി ടിയെങ്കിലും പ്രായത്തിലെ ആ അകൽച്ചയെ സ്നേഹം കൊണ്ട് പി ടി മായ്ച്ചുകളഞ്ഞു. പി ടി തോമസിനെക്കുറിച്ച് എനിക്ക് ആയിരം ഓർമകളാണ് തിരയടിച്ചെത്തുന്നത്.

പിടി വരുന്ന കാലത്ത് മഹാരാജാസ് കോളജിലെ സെന്റിനറി സെലിബ്രേഷൻസിൽ ഞാൻ സജീവമായിരുന്നു. അതോടെ ഞങ്ങളുടെ സൗഹൃദം കൂടുതൽ ദൃഢമായി. വളരെയടുത്ത സുഹൃത്തുക്കളായിമാറി. വൈകാരികമായ ഒരു ആത്മബന്ധം ഞങ്ങളിലുടലെടുത്തു.

എന്റെ ജീവിതത്തിലെ എല്ലാ കാര്യത്തിലും പി ടി തോമസിനും ഉമയ്ക്കും നിർണായകമായ റോളുണ്ടായിരുന്നു. എന്റെ കല്യാണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നത് പി ടിയായിരുന്നു. മൊബൈൽ ഫോണും എസ് ടി ഡിയുമൊന്നുമില്ലാതിരുന്ന കാലത്ത് ഡാർജിലിങ്ങിൽനിന്നു സരോജ് ഥാപ്പയെ കേരളത്തിലെത്തിക്കുന്നതിനും ഞങ്ങളുടെ വിവാഹം നടത്തുന്നതിലും പിടിയാണ് മുൻകൈ എടുത്തത്.

എന്റെ അച്ഛന്റെ സ്മാരകപ്രഭാഷണങ്ങളൊക്കെ സംഘടിപ്പിച്ചത് പിടിയുടെ നേതൃത്വത്തിലായിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളിലും പിടിയും കുടുംബവും ഒപ്പമുണ്ടായിരുന്നു. അതുപോലെ പിടിയുടെ കാര്യത്തിൽ ഞാനും. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള അടുപ്പം.

വിദ്യാർത്ഥി രാഷ്ട്രീയത്തിലായിരുന്ന കാലത്ത് ആവേശത്തോടെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് പോരാടുമ്പോഴും അതിനുശേഷവും അക്കാലത്തെ എതിരാളികളോട് വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെയും മാത്രം ഇടപെട്ട നേതാവാണ് പി ടി. അത് അക്കാലത്ത് മഹാരാജാസിലുണ്ടായിരുന്ന എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. രാഷ്ട്രീയത്തിലെ അതിരുകളെ സ്നേഹം കൊണ്ട് മറികടന്ന നേതാവാണ് പിടി. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അറിയാവുന്ന എല്ലാവരിലും ആ വേർപാട് ഏറെ ദുഃഖകരമായിരിക്കും.

പി ടിയെ ഡിസംബർ അഞ്ചിന് ആശുപത്രിയിൽ ചെന്ന് കണ്ടിരുന്നു. ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. കേരള സമൂഹത്തിനും രാഷ്ട്രീയത്തിനും മാത്രമല്ല വ്യക്തിപരമായി എന്നെ സംബന്ധിച്ചും തികച്ചും നികത്താനാവാത്ത നഷ്ടമാണ് പിടി യുടെ വേർപാട്.

സത്യത്തിനൊപ്പം നിലകൊണ്ട മനുഷ്യസ്നേഹി: കെ സി സുരേഷ് കുമാർ

പി ടി തോമസിനെ പോലെ നിർഭയനും മനുഷ്യസ്നേഹിയും സത്യസന്ധനുമായ ഒരു മനുഷ്യനെ കേരള സമൂഹത്തിൽ കാണാൻ കിട്ടുമോയെന്ന് അറിയില്ലെന്ന് പി ടി തോമസിന്റെ സുഹൃത്തും സി ഐ എസ് എഫ് മുൻ ഡി ഐജിയും ജിൻഡാൽ സ്റ്റീൽ വൈസ് പ്രസിഡന്റുമായ കെ സി സുരേഷ് കുമാർ. മഹാരാജാസിൽ ബിരുദ വിദ്യാർത്ഥിയായി എത്തുമ്പോഴാണ് പി ടിയെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് വലിയൊരു സുഹൃദ് ബന്ധമായി മാറി. അടുത്ത സുഹൃത്തായി മാറി.

എക്കാലത്തും സത്യത്തോടൊപ്പം നിന്ന മനുഷ്യനായിരുന്നു പി ടി തോമസ്. സത്യമാണെന്ന് ബോധ്യപ്പെടുന്ന വസ്തുതയ്ക്കു വേണ്ടി എല്ലാ എതിർപ്പുകളെയും അതിജീവിച്ച് ഒപ്പം നിന്ന മനുഷ്യനാണ് അദ്ദേഹം. വലിയൊരു മനുഷ്യസ്നേഹിയെയാണ് പിടിയിൽ കണ്ടിട്ടുള്ളത്. കേരളത്തിൽ അപൂർവമായി മാത്രം കാണുന്ന രാഷ്ട്രീയ വ്യക്തിത്വത്തിനുമടമയാണ് അദ്ദേഹം. രാഷ്ട്രീയത്തിനപ്പുറം സത്യത്തിനൊപ്പം എക്കാലത്തും നിലകൊണ്ട വ്യക്തിത്വമായിരുന്നു പി ടി തോമസിന്റേത്.

ഡിസംബറിൽ പിടിയുടെ ജന്മദിനത്തിന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഡിസംബർ 12 ന് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഏറെ നേരം അവിടെ ചെലവഴിച്ചാണ് മടങ്ങിയത്. കേരള രാഷ്ട്രീയത്തിനും കേരള സമൂഹത്തിനും പിടിയുടെ വേർപാട് സൃഷ്ടിക്കുന്ന വിടവ് നികത്താൻ സാധിക്കുമെന്നു തോന്നുന്നില്ല. വ്യക്തിപരമായി എനിക്ക് തീരാനഷ്ടമാണ് പിടിയുടെ വേർപാടിലൂടെ ഉണ്ടാകുന്നത്.


മറക്കാൻ കഴിയാത്ത വ്യക്തിപ്രഭാവം: സി ഐസിസി ജയചന്ദ്രൻ

പരിചയപ്പെട്ട ഒരാൾക്കും മറക്കാൻ കഴിയാത്ത വ്യക്തിപ്രഭാവമുള്ള മനുഷ്യനാണ് പിടി തോമസെന്ന് സി ഐ സി സി ജയചന്ദ്രൻ. 1978ൽ മഹാരാജാസിൽനിന്നു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി രണ്ട് വിദ്യാർത്ഥി സംഘടനകളിൽനിന്നു ജയിച്ചവരാണ് ഞാനും പിടിയും. ഞാൻ എസ് എഫ് ഐ യുടെ കൗൺസിലറായും പിടി കെ എസ് യുവിന്റെ കൗൺസിലറായുമാണ് വിജയിച്ചത്.

പിടിയും ഞാനും തമ്മിലുള്ള സൗഹൃദം അന്ന് തുടങ്ങിയതാണ്. കെ എസ് യുവിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലാണ് പി ടി തോമസ് മഹാരാജാസിലെത്തുന്നതും മത്സരിക്കുന്നതും. കേരളാ യൂണിവേഴ്സിറ്റി യൂണിയൻ എസ് എഫ് ഐയിൽനിന്നു പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കും പിടി അന്ന് മത്സരിച്ചിരുന്നു.

കേരളത്തിലെമ്പാടും ഓടിനടക്കുന്ന പിടി രണ്ട് ദിവസമായിരിക്കും മഹാരാജാസിൽ പ്രചാരണത്തിന് എത്തുക. പക്ഷേ ആ രണ്ടു ദിവസം കൊണ്ട് പി ടി ഞങ്ങളെ പിന്തള്ളി ബഹുദൂരം മുന്നിലെത്തും. അന്ന് കോളജിൽ ക്ലാസുകളിൽ പ്രസംഗവും സംവാദവുമൊക്കെ ഉണ്ടാകും. വളരെ ആവശേത്തോടെ പി ടി ദിവസവും 20-25 ക്ലാസുകളിലൊക്കെ ഒരു ദിവസം കയറി പ്രസംഗിക്കും. അതിശക്തമായ മത്സരമാണ് പിടി തോമസ് അന്ന് കാഴ്ചവച്ചത്.

അന്നു തുടങ്ങിയ ബന്ധം വളരെ സുദൃഢമായി തുടർന്നു. രാഷ്ട്രീയത്തിനതീതമായി ഞങ്ങളുടെ സൗഹൃദം വളർന്നു. വിദ്യാർത്ഥിരാഷ്ടീയത്തിൽ തുടങ്ങി ഗ്രന്ഥശാല പ്രവർത്തനം, സാംസ്കാരിക പ്രവർത്തനങ്ങൾ, വായന അങ്ങനെ പല നിലകളിൽ പിടിയും ഞാനുമായുള്ള ബന്ധം തുടർന്നു.

ഞാൻ പിടിയെ അവസാനം നേരിൽ കണ്ടത് കെ എം റോയിക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രസ് ക്ലബ്ബിൽ എത്തിയപ്പോഴായിരുന്നു. സുഹൃത്തുക്കളോട് രാഷ്ട്രീത്തിനതീതമായ ബന്ധം നിലനിർത്തുന്ന വ്യക്തിയാണ് പിടി. എല്ലാവരോടും എപ്പോഴും കരുതലുള്ള മനുഷ്യൻ. കുറേക്കാലമായി പിടി എന്നോട് എപ്പോഴും പറയുന്ന ഒരു കാര്യം ഞാൻ ബൈക്ക് ഓടിക്കരുതെന്നതാണ്. എറണാകുളത്തെ തിരക്കും വാഹനവും ബഹളവുമൊക്കെയുള്ളയിടത്ത് ഈ പ്രായത്തിൽ ബൈക്ക് ഓടിച്ച് നടക്കരുതെന്ന് എപ്പോൾ വിളിച്ചാലും സ്നേഹബുദ്ധ്യ എന്നെ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്യും.

പിടിയുടെ മരണം അപ്രതീക്ഷിതമാണ്. പിടിക്ക് ഒരു മരുന്ന് യു എസിൽനിന്നു ലഭിക്കുമെന്നും അത് അനുകൂല ഫലം സൃഷ്ടിക്കുമെന്നുള്ള പ്രതീക്ഷ ഇന്ന് രാവിലെ ആറോടെ ഒരു പൊതുസുഹൃത്ത് പങ്കുവച്ചിരുന്നു. എന്നാൽ അധികം വൈകാതെ ആ ദുഃഖവാർത്ത എത്തി. കെ പി സി സി വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ സജീവമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് പരിസ്ഥിതി പ്രവർത്തകർക്കും നിലപാടുള്ള രാഷ്ട്രീയക്കാർക്കുമൊക്കെ വലിയനഷ്ടമാണ്. അതുപോലെ രാഷ്ട്രീയത്തിനപ്പുറം സുഹൃത്തുക്കൾക്കും ദുഃഖകരമാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Friends from maharajas college recall their long association with p t thomas

Best of Express