കൊച്ചി: വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സുഹൃത്തായ ആന്‍ഡ്രൂസാണ് ഹര്‍ജി നല്‍കിയത്. പൊലീസ് അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്നും മുഖ്യമന്ത്രിയ്‌ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ നാല് പ്രതികളാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്നും എന്നാണ് രണ്ട് പേരെ മാത്രമേ അറസ്റ്റ് ചെയ്‌തിട്ടുള്ളൂവെന്നും ഹര്‍ജിയില്‍ പറയുന്നു. മൃതദേഹത്തിന് 10 ദിവസം മാത്രമാണ് പഴക്കമുണ്ടായിരുന്നത്. ഇത്രയും ദിവസം അവർ ആരുടെയൊക്കെയോ കസ്റ്റഡിയിലായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രധാന തെളിവുകള്‍ പൊലീസിന്റെ പക്കലില്ലെന്നും കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ സംരക്ഷിക്കാന്‍ പൊലീസ് വിവരങ്ങള്‍ മറച്ച് വയ്‌ക്കുകയാണെന്നും ആന്‍ഡ്രൂസ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ആന്‍ഡ്രൂസിന്റെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് അയര്‍ലന്‍ഡ് സര്‍ക്കാരിനും രാജ്യാന്തര മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസില്‍ സര്‍ക്കാരിന്റെയും സിബിഐയുടെയും വിശദീകരണം തേടിയിട്ടുണ്ട്. ജൂലൈ 29 ന് കേസ് വീണ്ടും പരിഗണനയ്‌ക്ക് എടുക്കും.

ലാത്വിയന്‍ സ്വദേശിയായ യുവതി വിഷാദ രോഗ ചികിത്സയ്‌ക്കാണ് സഹോദരിക്ക് ഒപ്പം കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോട്ട ധര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മാര്‍ച്ച് 14 ന് ആണ് കാണാതാകുന്നത്. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ അവര്‍ ഓട്ടോറിക്ഷ പിടിച്ച് കോവളത്ത് എത്തിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍ നല്‍കിയ വിവരത്തിനപ്പുറം മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഏപ്രില്‍ 21 നാണ് തിരുവനന്തപുരം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടല്‍ കാട്ടില്‍ നിന്നും വിദേശയുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധനകളില്‍ കാണാതായ ലാത്വിയന്‍ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ