തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പി ഗോപിനാഥന് നായര്‍ അന്തരിച്ചു. 100-ാം വയസിലാണ് അന്ത്യം. നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കൊളജ് കാലഘട്ടത്തിലാണ് ഗോപിനാഥന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുന്നത്. 2016 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ ഗാന്ധിയൻ ആശയങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് ഗാന്ധിജി കേരളത്തിലെത്തിയപ്പൊള് നേരിട്ടു കാണുകയും ചെയ്തിരുന്നു. പിന്നീട് കൊളജ് കാലഘട്ടത്തില്‍ കൂടുതല്‍ സജീവിമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.
അഖിലേന്ത്യ ഗാന്ധി സ്മാരക നിധിയുടെ പ്രാരംഭ കാലം മുതല്‍ സേവനമനുഷ്ഠിച്ചു. ഗാന്ധിജിയുടെ മരണത്തിന് ശേഷം സർവ സേവാ സംഘത്തിലും അഖിലേന്ത്യാ സർവോദയ സംഘടനയിലും കർമസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കെ കേളപ്പന് സംഘടനയുടെ അധ്യക്ഷനായിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്നു ഗോപിനാഥന്.
ഗോപിനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിർത്തിയ വിലപ്പെട്ട കണ്ണിയായിരുന്നു അദ്ദേഹമെന്ന് മഖ്യമന്ത്രി പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർത്തിയ വ്യക്തിയായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.