കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യറേഷന്‍ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. മഞ്ഞ,പിങ്ക് കാര്‍ഡുകള്‍ ഉള്ള കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരിവീതം ലഭിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഞ്ഞ കാര്‍ഡുകാര്‍ക്കും, ബുധനാഴ്ച മുതല്‍ പിങ്ക് കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യും. ഏപ്രില്‍ 30 വരെ തുടരും.

പിങ്ക് കാര്‍ഡുകാര്‍ ബുധനാഴ്ച മുതല് സൗജന്യഭക്ഷ്യകിറ്റും റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം. കാര്‍ഡ്‌ നമ്പരിന്റ അവസാനഅക്കം ഒന്ന് വരുന്നവര്‍ക്ക് ആദ്യ ദിവസവും മറ്റ് നമ്പരുകള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും കിറ്റ് കിട്ടും. സ്വന്തം റേഷന്‍ കടയില്‍ നിന്ന് കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വാര്‍ഡ്‌ മെമ്പര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കി താമസിക്കുന്ന സ്ഥലത്തെ കടയില്‍ നിന്ന് കിറ്റ് വാങ്ങാം.

മൊബൈല്‍ ഒ ടി പി

റേഷന്‍ വാങ്ങാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കൂടി കൊണ്ടു വരണം എന്ന് പൊതുഭരണ വകുപ്പിന്റെ നിര്‍ദേശം. ലഭിക്കുന്ന മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി ഇപോസ് മെഷീനില്‍ ചേര്‍ക്കേണ്ടതുള്ളതു കൊണ്ടാണിത്.  കൊറോണ വൈറസ്‌ വ്യാപനം തടയാന്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കാന്‍ അനുവാദമില്ലാത്തതിനാലാണ് ഒടിപി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. എന്നാല്‍ റേഷന്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ഇളവുകള്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.