കൊച്ചി: കള്ളിൽ മായം കണ്ടെത്തിയ കേസിൽ പരിശോധനാ ഫലം അട്ടിമറിയ്ക്കാൻ കെമിക്കൽ ലബോറട്ടറിയുടെ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിലെ പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചു. തിരുവനന്തപുരം ചീഫ് കെമിക്കൽ ലാബിലെ മുൻ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി ടി.ജയപ്രകാശിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിൽ വിപുലമായ ഗൂഢാലോചന നടന്നിട്ടുണ്ടന്നും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്തണമെന്നും കോടതി വിജിലൻസിനോട് നിർദേശിച്ചു. അന്വേഷണവുമായി ആദ്യം സഹകരിച്ച പ്രതി പിന്നീട് സഹകരികരിച്ചില്ലെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൂന്നു പ്രാവശ്യം ഹാജരായ പ്രതി പിന്നീട് മുങ്ങുകയായിരുന്നു.

Read More: ‘എന്താ കുശുമ്പാണോ?’ വനിത കമ്മിഷനെതിരായ പരാമർശത്തിൽ ഷാനിമോളോട് പിണറായി

2014ൽ കടുത്തുരുത്തി എക്സൈസ് റേഞ്ചിൽ പൊലീസ് നടത്തിയ പരിശോധനയിൽ 24ാം നമ്പർ ഷാപ്പിൽ നിന്നെടുത്ത സാമ്പിളിൽ മെതനോളും ഫോർമാർഡിഹൈഡും കണ്ടെത്തിയതാണ് സംഭവത്തിന്റെ തുടക്കം. ലാബിൽ നിന്ന് വിവരം ചോർന്നു കിട്ടിയ ലൈസൻസുകൾ പരിശോധനാ ഫലം അട്ടിമറിക്കാൻ പ്രതിയുമായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കെമിക്കൽ ലാബിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റിനു പകരം അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് വൈക്കം കോടതിയിൽ ഹാജരാക്കി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണ് കേസിൽ വഴിത്തിരിവായത്.

ലാബിൽ നിന്ന് ഒറിജിനൽ സർട്ടിഫിക്കറ്റ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് അയച്ചുകൊടുത്തിരുന്നു. ഈ റിപ്പോർട്ട് കമ്മീഷണർ പൊലീസിനു കൈമാറിയതോടെ രണ്ട് പരിശോധനാ ഫലം ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. തിരിമറി നടന്നതായി ലാബ് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണം വിജിലൻസിന് കൈമാറുകയായിരുന്നു. സർട്ടിഫിക്കറ്റുകൾ ഫോറൻസിക് പരിശോധനക്കയക്കുകയും വ്യാജമാണന്ന് കണ്ടെത്തുകയും ചെയ്തു.

ഒന്നാം പ്രതി ജോലി ചെയ്തിരുന്ന ടോക്സിക്കോളജി ഡിപ്പാർട്ട്മെൻറിലാണ് സർട്ടിഫിക്കറ്റ് ചമച്ചതെന്നും ബോധൃപ്പെട്ടു. വ്യാജ സർട്ടിഫിക്കറ്റിലെ ഓഫീസ് സീലും ഡെസ് പാച്ച് സീലും വ്യാജമാണന്നും കണ്ടെത്തി. ഇതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.