കോട്ടയം: സബ് ട്രഷറിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഫോണ്‍ സന്ദേശം നഗരത്തെ പരിഭ്രാന്തിയിലാക്കി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരിശോധനയ്‌ക്കൊടുവില്‍ ബോംബില്ലെന്ന് ഉറപ്പിച്ചതോടെയാണ് ആശങ്കയ്ക്ക് അറുതിയായത്. രാവിലെ 11.30 ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ സബ് ട്രഷറിയിലായിരുന്നു ഭീതി വിതച്ച് ബോംബ് ഭീഷണി എത്തിയത്. ട്രഷറി ഓഫിസറുടെ ലാന്‍ഡ് ഫോണിളാണ് കോള്‍ വന്നത്. ഈ സമയം ഓഫിസില്‍ ബോംബ് വച്ചിട്ടുണ്ടെന്നു ഭീഷണി മുഴക്കിയ ശേഷം ഫോണ്‍ കട്ടാകുകയായിരുന്നു.
ട്രഷറി ഓഫിസര്‍ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഡിവൈഎസ്‌പി ഗിരീഷ് പി.സാരഥി, സിഐ നിര്‍മ്മല്‍ ബോസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ട്രഷറിയിലുണ്ടായിരുന്ന ആളുകളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. ബോംബ് കണ്ടെത്തുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിലെ സ്‌നിഫര്‍ ഡോഗ് റീനയും ഇവിടെയെത്തി. ഒരു മണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.
സബ് ട്രഷറിയിലെ ഫോണിലെ കോളര്‍ഐഡിയില്‍ നിന്നും വിളിച്ച നമ്പര്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.