കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. ബിഷപ്പിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റുണ്ടാകുമെന്ന സൂചനകളുള്ളതിനാല്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യം തേടാനും സാധ്യതയുണ്ട്.

പരാതിയില്‍ ഇത് രണ്ടാം തവണയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തി അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങുകയായിരുന്നു. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയില്ലെങ്കില്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങും.

നല്‍കിയ മൊഴികള്‍ പരിശോധിക്കാന്‍ സമാന്തര അന്വേഷണവും നടക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും വരെ ബിഷപ്പിന് ജലന്ധറിലേക്ക് മടങ്ങാനാകില്ല. ബിഷപ്പിന്റെ യാത്രാ വിവരം അറിയിക്കണമെന്നു പൊലീസ് ജലന്ധര്‍ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംങ്ഷനില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും സാമൂഹ്യ പ്രവര്‍ത്തകരായ പി.ഗീതയും അലോഷ്യ ജോസഫും നിരാഹാരസമരം തുടരുകയാണ്.

കന്യാസ്ത്രീകള്‍ക്ക് നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിലും കോഴിക്കോടും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണയും നടക്കുന്നുണ്ട്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പന്തം കൊളുത്തി പ്രകടനവും നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.