കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിസ്ഥാനത്തുളള ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അന്വേഷണ സംഘം നോട്ടീസ് നൽകും. പഞ്ചാബ് പൊലീസ് വഴിയാകും ഫ്രാങ്കോ മുളക്കലിന് നോട്ടീസ് നൽകുക. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഗുരുതരമായ ആരോപണമായിരുന്നിട്ട് കൂടി ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് മടി കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് കൈമാറാൻ ഇന്നലെ രാത്രി ജില്ല പൊലീസ് മേധാവിയുടെ സമീപമെത്തിയപ്പോഴാണ് ഡിവൈഎസ്‌പി ഇക്കാര്യം പറഞ്ഞതെന്നാണ് വിവരം.

അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിലപാട്. ഇതിനായി ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വീണ്ടും മൊഴിയെടുക്കാൻ വിളിപ്പിച്ചേക്കും. ഇതിനുളള അനുമതി ജില്ല പൊലീസ് മേധാവിയിൽ നിന്ന് ഡിവൈഎസ്‌പി തേടി.

ഇന്ന് വൈകുന്നേരം കൊച്ചിയിലെത്താന്‍, കേസിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഐജി വിജയ് സാഖറെ, ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമേ ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ്, കന്യാസ്ത്രീയുടെ മൊഴിയെടുക്കൽ എന്നീ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook