/indian-express-malayalam/media/media_files/uploads/2018/09/nun-strike.jpg)
മൂവാറ്റുപുഴ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംങ്ഷനില്‍ നടത്തിവന്ന സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരെയും നടപടി. മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോൻ റമ്പാനെതിരെയാണ് നടപടി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കി. കത്തോലിക്ക സഭയുടെ ആവശ്യത്തെ തുടർന്നാണ് നടപടിയെടുത്തത്.
സമരത്തില്‍ പങ്കെടുത്ത സിസ്റ്ററിനെതിരെയും സഭ നടപടിയെടുത്തിരുന്നു. വയനാട് മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെയാണ് നടപടി എടുത്തത്. സമരത്തില്‍ പങ്കെടുക്കുകയും സഭയുടെ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തതിലുമാണ് നടപടി.
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വേദപാഠം, വിശുദ്ധ കുര്‍ബാന എന്നിവ നല്‍കുന്നത് മാനന്തവാടി രൂപത വിലക്കി. മദര്‍ സുപ്പീരിയര്‍ വഴിയാണ് വിവരം അറിയിച്ചത്. ഇടവക വികാരിയാണ് ഇത്തരത്തിലൊരു നിർദേശം നല്‍കിയത്. ഇന്ന് രാവിലെയാണ് കാരക്കാമലയിലെ മഠത്തില്‍ സിസ്റ്റര്‍ ലൂസി മടങ്ങിയെത്തിയത്. കുര്‍ബാന നടത്തുന്നതിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന കന്യാസ്ത്രീയായിരുന്നു സിസ്റ്റര്‍ ലൂസി.
അതേസമയം, ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്കാണ് പെലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ പാല മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.