കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. കുറ്റപത്രം വൈകുന്നതിനാല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രത്യക്ഷ സമരത്തിലേക്കെന്ന് സൂചന. ഏപ്രില്‍ ആറ് മുതല്‍ സമരം തുടങ്ങാന്‍ ആക്ഷന്‍ കൗണ്‍സില്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തിങ്കാളാഴ്ച ചേരുന്ന യോഗത്തിലായിരിക്കും ഇതേകുറിച്ച് അന്തിമ തീരുമാനമെടുക്കുക.

ബിഷപ്പിനെതിരെ കുറ്റപത്രം വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നേരത്തെ പറഞ്ഞിരുന്നു. കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ച് കന്യാസ്ത്രീകള്‍ കോട്ടയം എസ്.പിയെ കാണുകയും ചെയ്തു. ബിഷപ്പിനെതിരെ ഉടന്‍ കുറ്റപത്രം നല്‍കണമെന്ന് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസിന്റെ ഭാഗത്തുനിന്ന് മറ്റ് നടപടികള്‍ ഉണ്ടായിട്ടില്ല. ഇതാണ് ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും സമരത്തെ കുറിച്ച് ആലോചിക്കാന്‍ കാരണം.

Read More: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കണം: കന്യാസ്ത്രീകൾ

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശേരിയെ കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.കണക്കിൽ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആൻറണി മാടശ്ശേരി ഉൾപ്പടെ ആറു പേരെയാണ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. മൂന്നു കാറുകളിലായി എത്തിയ ഇവരിൽ നിന്ന് 9 കോടി 66 ലക്ഷം രൂപയുടെ ഹവാല പണം പിടിച്ചെടുത്തു എന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹവാല പണത്തിന്‍റെ നീക്കം തടയാനുള്ള എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.