കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്.
ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെയുള്ള കേസുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണ് ഹാജരായത്.
രാവിലെ 9.45 ഓടെ ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതെ കോടതിയുടെ പിന്നിലെ ഗേറ്റിലൂടെയാണ് ഫ്രാങ്കോ മുളയ്ക്കൽ എത്തിയത്. കോടതിക്ക് സമീപം വലിയ സുരക്ഷാ സന്നാഹമാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
2018 ജൂണിലാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. കുറുവിലങ്ങാട്ടെ മഠത്തിലും മറ്റിടങ്ങളിലും വച്ച് 2014 മുതല്‍ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്.
അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ ഏഴ് സുപ്രധാന വകുപ്പുകളാണു ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്. വൈക്കം ഡിവൈഎസ്‌പിയായിരുന്ന കെ.സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.
അടച്ചിട്ട കോടതി മുറിയില്‍ 105 ദിവസം നീണ്ട വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. 2019 ഏപ്രില്‍ ഒമ്പതിനു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബര്‍ 29നാണു പൂര്‍ത്തിയായത്. 83 പേരാണ് സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴിനല്‍കിയത്. പ്രതിഭാഗം ഒന്‍പതു സാക്ഷികളെയാണു വിസ്തരിച്ചത്.
മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാര്‍, 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത ഏഴ് മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവര്‍ വിസ്താരത്തിന് എത്തിയവരില്‍ ഉള്‍പ്പെടുന്നു. 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അഡ്വ.ജിതേഷ് ജെ.ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.
പഞ്ചാബ് ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോയെ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതു പോലെ കുറ്റപത്രം വൈകുന്നതിലും പ്രതിഷേധമുയര്‍ന്നു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സേവ് ഔര്‍ സിസ്റ്റേഴ്‌സ് കൂട്ടായ്മ എന്ന പേരില്‍ പരസ്യപ്രതിഷേധം നടത്തി.
കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും വിചാരണ നേരിടണമെന്നായിരുന്നു വിധികള്‍.