കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി തളളി. കോട്ടയം അഡീഷണൽ സെഷൻസ് ജില്ലാ കോടതിയുടേതാണ് നടപടി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് പറഞ്ഞ കോടതി കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്നും വ്യക്തമാക്കി.

തനിക്കെതിരെയുളള കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നും, അതിനാൽ വിചാരണ കൂടാതെ തന്നെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഹർജി നൽകിയത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ച കോടതി ബിഷപ്പിന്റെ വിടുതൽ ഹർജി തളളുകയായിരുന്നു.

Read Also: വാളയാർ കേസ്: പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പൊലീസ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുമുണ്ട്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, മൂന്ന് ബിഷപ്പുമാര്‍, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രഹസ്യമൊഴിയെടുത്ത ഏഴ് ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്.

2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.