കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചു. വിടുതല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും ആവശ്യപ്പെട്ടു.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണ്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീ നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്തതും തനിക്കെതിരെ പരാതിക്ക് കാരണമായി. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോയുടെ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണൽ സെഷൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചത്. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു.
2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.
Also Read: ‘ഞാനാണ് സഭ’ എന്ന വാദം ശരിയല്ല, ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ലാറ്റിൻ കത്തോലിക്ക കൗൺസിൽ
ബലാത്സംഗത്തിനു പുറമെ അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.