കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസിന്റെ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. എന്നാൽ, വിചാരണ നീട്ടണമെന്ന ആവശ്യം ഹെെക്കോടതി തള്ളി.
പ്രായമായെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ രണ്ടു മാസത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടാണ് ഫ്രാങ്കോ ഹെെക്കോടതിയെ സമീപിച്ചത്.
വിചാരണ എപ്പോഴായാലും നടന്നേ തീരൂ എന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗ കേസുകളിൽ വിചാരണ നീട്ടാനാവില്ലെന്നും സാക്ഷികൾക്ക് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ വിചാരണക്ക് വീഡിയോ കോൺഫറൻസിങ് സംവിധാനം ഒരുക്കാമെന്ന് കോടതിയെ അറിയിച്ചു.
Read Also: കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റങ്ങൾ നിഷേധിച്ച് ഫ്രാങ്കോ
വീഡിയോ കോൺഫറൻസിങ്ങിന് തയ്യാറാണെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാൻ കോടതി ഉത്തരവിട്ടു. വിചാരണ നീട്ടണമെന്ന ആവശ്യം കീഴ്ക്കോടതി തള്ളിയതിനെ തുടർന്നാന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ചയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിസ്താരം.
കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു. കോടതി നിലപാടിനെ ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ ചോദ്യം ചെയ്യാൻ ശ്രമിച്ചു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് രംഗത്തെത്തി. കോടതി നിലപാടിനെ ആത്മീയശക്തികൊണ്ട് എതിർക്കാമെന്നാണോ വിചാരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രൂക്ഷമായ ഭാഷയിലാണ് ചോദിച്ചത്.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയെ സമീപിച്ചത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളിൽ കഴമ്പില്ലെന്നും കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.