മുംബൈ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. വിവാദം കത്തോലിക്ക സഭയ്ക്ക് കളങ്കമുണ്ടാക്കിയെന്നും അവർ ആരോപിച്ചു. മുംബൈ അതിരൂപതയുടെ വക്താവാണ് ഇക്കാര്യം അറിയച്ചത്.പരാതിക്കാരിയായ കന്യാസ്ത്രീ ഇന്ത്യയിലെ കത്തോലിക്ക സഭ ബിഷപ്പ് കൗൺസിൽ പ്രസിഡന്റും മുംബൈ അതിരൂപതയുടെ അധ്യക്ഷനുമായ ഓസ്വാൾസ് ഗ്രേഷ്യസിന് പരാതി നൽകിയിരുന്നു.

കൊച്ചിയിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ അഞ്ചാം ദിവസം സമരം ശക്തമായി തുടരുന്നതിനിടെയാണ് മുംബൈ അതിരൂപതയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേസിൽ ഫ്രാങ്കോ മുളക്കലിനോട് 19 ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ഇദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ഐജി വിജയ് സാഖറെ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

കേസന്വേഷണം ഇഴഞ്ഞ് നീങ്ങിയതല്ലെന്ന് വിശദീകരിച്ച ഐജി വിജയ് സാഖറെ, വൈരുദ്ധ്യങ്ങളുടെ ആനുകൂല്യം ഫ്രാങ്കോ മുളയ്ക്കലിന് ലഭിക്കാതിരിക്കാനാണ് അറസ്റ്റിലേക്ക് കടക്കാതിരുന്നതെന്ന് വിശദീകരിച്ചു. “വളരെ പഴയ കേസാണിത്. ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകൾ ശേഖരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. പരാതിക്കാരിയുടെയും സാക്ഷികളുടെയും പ്രതിയായ ബിഷപ്പിന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്താൽ അത് പ്രതിക്ക് സഹായകരമാകും. പരാതിക്കാരിക്ക് നീതി ലഭ്യമാക്കാനാണ് പൊലീസ് ഇടപെടുന്നത്,” ഐജി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.