/indian-express-malayalam/media/media_files/uploads/2018/09/franco-mulakkal2.jpeg)
കോട്ടയം: മഠത്തിൽവച്ച് രണ്ടുതവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് റിമാൻഡ് റിപ്പോർട്ട്. അധികാരം ഉപയോഗിച്ച് ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. എതിർത്താൽ സഭ വിടേണ്ടി വരുമെന്ന കന്യാസ്ത്രീയുടെ അവസ്ഥയെ ചൂഷണം ചെയ്തു. പണവും പാരിതോഷികവും നൽകി പരാതി അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
'ഇടയനൊപ്പം ഒരു ദിനം' പരിപാടിയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. കന്യാസ്ത്രീകളോട് ബിഷപ്പിനൊപ്പം രാത്രി ഒരു മണിക്കൂർ തങ്ങണമെന്ന് ആവശ്യപ്പെട്ടു. സ്വകാര്യ സങ്കടങ്ങൾ ബിഷപ്പിനോട് പറയാനാണ് കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കന്യാസ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നടത്തിയിരുന്ന പരിപാടിയാണ് ഇടയനൊപ്പം ഒരു ദിനം.
കന്യാസ്ത്രീ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
2014 ൽ സംഭവം നടക്കുമ്പോൾ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം കണ്ടെടുക്കേണ്ടതുണ്ടെതെന്നും ഡിഎൻഎ സാംപിൾ എടുക്കേണ്ടതുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
ബലാത്സംഗ കേസിൽ ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്‌തതിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അനധികൃതമായി തടവില്‍ വയ്ക്കുക, ബലാത്സംഗം, അസ്വാഭാവിക ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ക്രൈസ്തവ സഭയിലെ ഒരു ബിഷപ്പ് ലൈംഗിക പീഡന കേസിൽ അറസ്റ്റിലാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.