മസ്‌ക്കറ്റ്: മോചിതനായതില്‍ ദൈവത്തിന് നന്ദിയെന്ന് ഫാ.ടോം ഉഴുന്നാല്‍. മസ്‌ക്കറ്റിലെത്തിയശേഷം ഒമാന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ രക്ഷിക്കാന്‍ പരിശ്രമിച്ച ഒമാന്‍ രാജാവിന് നന്ദിയറിച്ച ഉഴുന്നാല്‍ അദ്ദേഹത്തിന് എല്ലാ നന്മകളും നേര്‍ന്നു. തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ഥിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ ഇന്ന് രാവിലെയാണ് മോചിപ്പിച്ചത്. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റിൽ എത്തി. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മോചനം.

ഫാദർ ടോമിന്റെ മോചനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഫാദർ ടോം ഉഴുന്നാലിലിനെ രക്ഷപ്പെടുത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. വത്തിക്കാന്റെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നാണ് വിവരം. ഫാ.ടോം ഒഴുന്നാലിനെ ചാർട്ടേഡ് വിമാനത്തിൽ വത്തിക്കാനിലേക്ക് കൊണ്ടുപോയെന്നാണ് സൂചന.

സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. 2016 മാർച്ച് നാലിനാണു ഐഎസ് ഭീകരർ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ചത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ചതിനുശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫാ. ടോമിനെ മോചിപ്പിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടന്നുവരികയായിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതുമായിരുന്നു മോചനം നീണ്ടുപോകാൻ കാരണമായത്.

ടോമിനെ തട്ടിക്കൊണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതിനിടെ സഹായാഭ്യാര്‍ഥനയുമായി ടോമിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. തന്‍റെ മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നാട്ടുവരുന്നില്ലെന്നും ഫാദര്‍ വീഡിയോയില്‍ പരാതിപ്പെട്ടിരുന്നു. തന്‍റെ ആരോഗ്യനില മോശമാണെന്ന് അദ്ദേഹം വീഡിയോയില്‍ പറയുകയുണ്ടായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ