തൃശൂർ: ഹർത്താൽ ആഹ്വാനം ചെയ്ത് രാഷ്ട്രീയ പാർട്ടികൾ ജനജീവിതത്തെ ബുദ്ധിമുട്ടിക്കവേ ഹർത്താലിനെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വൈദികൻ. തൃശൂർ വയലത്തൂർ ഇടവകയിലെ വികാരിയും കിഡ്നി ഫൗണ്ടേഷൻ ചെയർമാനുമായ ഫാ.ഡേവിഡ് ചിറമ്മേലാണ് കണ്ണുകെട്ടി മുക്കാലിയിൽ കിടന്ന് വേറിട്ട പ്രതിഷേധം നടത്തിയത്.

ഐ ചലഞ്ച് ഹർത്താൽ എന്ന പേരിൽ ഫാ.ഡേവിഡ് ചിറമ്മേൽ ആരംഭിക്കുന്ന ഹർത്താൽ വിരുദ്ധ ക്യാംപെയിന്റെ ഭാഗമായിരുന്നു പ്രതിഷേധം. തൃശൂർ വയലത്തൂർ പളളി അങ്കണത്തിൽ മുക്കാലിയിൽ കയ്യും കാലും കെട്ടി കണ്ണുകൾ കറുത്ത തുണികൊണ്ട് മറച്ചായിരുന്നു ഫാ.ഡേവിഡ് പ്രതിഷേധിച്ചത്. ഹർത്താലിനു പകരം മറ്റു വഴികൾ സമരത്തിന് തേടണമെന്ന് ഫാ.ഡേവിഡ് പറഞ്ഞു. ഇടവകയിലെ ജനങ്ങളും ഫാദറിന്റെ പ്രതിഷേധത്തിന് പൂർണ പിന്തുണ നൽകി.

(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. പല ഇടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ചിലയിടത്ത് കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ