കൊച്ചി: പിറവം പള്ളി തർക്ക കേസ് പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയുടെ നാലമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാൽ, ജസ്റ്റിസ് ആനി ജോർജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിന്മാറിയത്. സുപ്രീം കോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

കേസ് പരിഗണിക്കുന്ന മൂന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ പിന്മാറിയിരുന്നു. ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി.അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ആദ്യം പിന്മാറിയത്. ജഡ്ജിമാർ അഭിഭാഷകർ ആയിരിക്കെ പള്ളി കേസുകളിൽ കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് യാക്കോബായ വിഭാഗത്തിന്റെ ആരോപണത്തെ തുടർന്നായിരുന്നു പിന്മാറ്റം.

ജസ്റ്റിസ് പി.ആർ.രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ബെഞ്ചും പിന്മാറിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ മേനോനും യാക്കോബായ സഭയ്ക്കായി മുമ്പ് കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികൾ കക്ഷി ചേരാനെത്തിയ സാഹചര്യത്തിലായിരുന്നു പിന്മാറ്റം.

മൂന്നാമത്തെ ബെഞ്ചിന്റെ പിന്മാറ്റം കാരണം വ്യക്തമാക്കാതെയായിരുന്നു. ഇപ്പോൾ നാലാമത്തെ ഡിവിഷൻ ബെഞ്ചും ഹർജി പരിഗണിക്കാതെ പിന്മാറിയതോടെ കേസ് നീണ്ടു പോവുകയാണ്. ഹർജി ആര് പരിഗണിക്കണമെന്ന് വീണ്ടും ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ