കൊച്ചി: സിനിമ നിർമ്മാതാവിനെയും ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിച്ച കേസിൽ നാല് യുവാക്കളെ എറണാകുളത്ത് പിടികൂടി. സംഭവം ആസൂത്രിതമായ അക്രമമല്ലെന്നും മദ്യലഹരിയിൽ ആക്രമിച്ചതാണെന്നും പൊലീസ് പറഞ്ഞു. നാല് പേരെയും റിമാന്റ് ചെയ്തിട്ടുണ്ട്.

സെഡ്രിക്, മുഹമ്മദ് ഇഷാം, കാൾട്ടൺ, ആന്റണി എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പത്തോളം പേർ പ്രതികളാണെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ലാൽജി പറഞ്ഞു.

ഇന്നലെ രാത്രി കതൃക്കടവ് ഇടശേരി ഹോട്ടലിലാണ് ഇവർ സംഘം ചേർന്ന് നിർമ്മാതാവിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ച്. നിർമ്മാതാവിന്റെ കൂടെയുണ്ടായിരുന്ന പ്രൊഡക്ഷൻ കൺട്രോളർക്കും പരിക്കേറ്റു.

സിനിമ നിർമാതാവായ മഹാ സുബൈർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, ഇടശ്ശേരി മാൻഷൻ ഹോട്ടലിലെ ജീവനക്കാരനായ പ്രകാശ് എന്നിവർക്കാണ് പരുക്കേറ്റത്.  തമ്മനം സ്വദേശിയായ അനീഷ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ജയറാം നായകനാകുന്ന ആകാശമിഠായി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഇടശ്ശേരി മാന്‍ഷന്‍ എന്ന ഹോട്ടലില്‍ വെച്ചാണ് ആക്രമണം നടന്നത്.

പത്തിലധികം പേരടങ്ങുന്ന സംഘമാണ് ഹോട്ടലിൽ മദ്യപിക്കാനെത്തിയത്. ഇവർ ബിയർ പാർലറിനകത്ത് പാട്ടുപാടി ബഹളം വച്ചതോടെ മറ്റുള്ളവർ പരാതികളുമായി ഹോട്ടൽ അധികൃതരെ സമീപിച്ചു. ഇതേ തുടർന്ന് സംഘത്തോട് ബിയർ പാർലറിൽ നിന്നും പുറത്തുപോകാൻ പാർലറിന്റെ അധികൃതർ ആവശ്യപ്പെട്ടു.

ഇതോടെ മദ്യലഹരിയിൽ കുപിതരായി പുറത്തിറങ്ങിയ യുവാക്കൾ ഹോട്ടലിന് പുറത്ത് ബഹളം വച്ചു. ഇതേ തുടർന്ന് ഇവരോട് പുറത്ത് പോകാൻ ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരൻ ഇവരുടെ അടുത്തേക്ക് എത്തി. ഇദ്ദേഹത്തെ ഇവർ സംഘം ചേർന്ന് മർദ്ദിക്കാൻ ശ്രമിച്ചു.

ഈ ദൃശ്യം മൊബൈലിൽ പകർത്താനാണ് നിർമ്മാതാവായ മഹാ സുബൈർ ശ്രമിച്ചത്. എന്നാൽ സംഘാംഗം ഇത് കണ്ടതോടെ ആക്രമണം ഇദ്ദേഹത്തിന് നേർക്കുമായി. എന്നാൽ മൂവരുടെയും പരിക്കുകൾ സാരമുള്ളതല്ലെന്ന് എസിപി കെ.ലാൽജി വ്യക്തമാക്കി.

സുബൈറിന്റെ ചെവിക്കും കഴുത്തിനുമാണ് പരിക്കേറ്റതെന്നാണ് വിവരം. ജയറാം അടക്കമുളള സിനിമ പ്രവർത്തകർ ഇദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.

അസിസ്റ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് രാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ