നിയമത്തിന്റെ നൂലിഴകളിൽ കുടുങ്ങി വിയ്യൂരിലെ വനിത ജയിലിൽ പകച്ചു നിൽക്കുകയാണ് ചൈനീസ് പൗരയായ നാലുവയസ്സുകാരി.അപരിചിതമായ ഭാഷയുടെയും അന്തരീക്ഷത്തിന്റെയും മടുപ്പിലാണ് ആ കുഞ്ഞിളം കണ്ണുകൾ ഉറങ്ങിയുണരുന്നത്. കളിക്കൂട്ടുകാരും കളിപ്പാട്ടങ്ങളും കൈകളിലുണ്ടാകേണ്ട പ്രായത്തിൽ  ആ കൈകളിൽ കാരിരിമ്പഴികളാണ്.  ഈ​ കുഞ്ഞിന്റെ ജീവിതത്തിന് മേൽ നിയമത്തിന്റെ നിഴൽ വീണപ്പോഴാണ് വിയ്യൂർ ജയിലിലെ ഒന്നാം നമ്പർ സെല്ലിലേയ്ക്ക് എത്തിയത്.

സ്വന്തം നാട്ടിലെ ഭക്ഷണമായ നൂഡിൽസിന് പകരം ജയിൽ ഭക്ഷണമാണ് നാലുവയസ്സുകാരിയുടെ മുന്നിലെത്തുന്നത്. കളിപ്പാട്ടങ്ങൾക്കും സ്വപ്നം കാണുന്ന കഥകൾക്കും പകരം തടവറയിലെ വേദനകൾ നിറഞ്ഞ കഥകളും അന്തരീക്ഷവുമാണ് ഈ കുഞ്ഞിന് കൂട്ട്. താരാട്ട് പാട്ടിന് പകരം തടവറയുടെ ആൾപ്പെരുക്കത്തിലെ അപരിചിതത്വത്തിലാണ് അമ്മയ്ക്കൊപ്പം ഈ കുഞ്ഞും കഴിഞ്ഞ പതിമൂന്ന് ദിവസമായി കടന്നുപോകുന്നത്. ഒരുപക്ഷേ, കേരളത്തിലെ ജയലിൽ ഇന്ന് കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കാം ഈ നാലുവയസ്സുകാരി. കളിപ്പാട്ടവും കളിക്കൂട്ടവുമായി കഴിയേണ്ട പ്രായത്തിൽ സ്ത്രീ തടവുകാർക്കൊപ്പം വിയ്യൂരിലെ ജയിലിൽ എന്തിനെന്നറിയാതെ കഴിയുകയാണ് ഈ കുഞ്ഞ്.

വീസാ കാലവധി കഴിഞ്ഞ ശേഷവും അത് നീട്ടിക്കിട്ടുന്നതിനിടയിലുള​ള കാലയളവിൽ അനധികൃതമായി  കേരളത്തിൽ താമസിക്കവെയാണ് ചൈനീസ് പൗരയായ സിയോലിൻ എന്ന മുപ്പത്തിയാറു വയസ്സുകാരി അമ്മയ്ക്കൊപ്പം നാലുവയസ്സുകാരിക്കും ജയിലിലേയ്ക്ക് പോകേണ്ടി വന്നത്. കളിചിരിയുടെ പ്രായത്തിലാണ് അപരിചത്വത്തിന്റെ തടവറയിലേയ്ക്ക് തളളപ്പെട്ടത്. ഏഴുവയസ്സിൽ താഴെയായതിനാൽ കുഞ്ഞിനെ അമ്മയോടൊപ്പംവിടുക എന്നത് മാത്രമേ നിയമപരമായി ചെയ്യാൻ കഴിയുകയുളളൂവെന്നതാണ് കുഞ്ഞും തടവറയിൽ എത്താൻ കാരണമെന്ന് ഇവരുടെ അഭിഭാഷകൻ   പി. കെ. സജീവൻ പറഞ്ഞു

ചൈനീസ് പൗരയായ സിയോലിനും മകളും ബന്ധുവായ യോങ് സൂ ഹൂവും കേരളത്തിലെത്തിയത് . സിയോലിന്റെ മലയാളിയായ ഭർത്താവിന്റെ അടുത്തേയ്ക്കായിരുന്നു ഇവർ എത്തിത്. വീസായുടെ കാലവധി നീട്ടാനുളള ശ്രമങ്ങൾക്കിടയിലാണ് ഇവരെ ജൂലൈ 19ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാക്കനാട് ഇൻഫോ പാർക്ക് പൊലീസ് ഇവരെ കാക്കാനാടുളള​ അപ്പാർട്ട്‌മെന്റിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് വീസയായിലാണ് ഇവർ കേരളത്തിലെത്തിയത്. ഭർത്താവിനൊപ്പമായിരുന്നു സിയോലിനും മകളും ബന്ധുവും താമസിച്ചിരുന്നതെന്ന് സിയോലിന്റെ അഭിഭാഷകൻ  പറഞ്ഞു. വീസാ കാലാവധി കഴിഞ്ഞിട്ടും കേരളത്തിൽ തുടർന്നതിന്റെ പേരിൽ 1946 ലെ വിദേശപൗരനിയമത്തിലെ (ഫോറിനേഴ്സ് ആക്ട്) 13(2), 14(a)14C , ഐ പി സി 34 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് ചുമത്തിയിട്ടുളളത്.

2017 ജൂൺ ഒന്നിന് കാലാവധി കഴിഞ്ഞ വീസയിൽ കേരളത്തിൽ​കഴിഞ്ഞുവെന്നാണ് പൊലീസ് കേസിലുളള ആരോപണം.കേസിലെ ഒന്നാം പ്രതിയായ സിയോലിനും മകളും സിയോലിന്റെ ബന്ധുവും മുപ്പത്തിയാറുകാരനുമായ യോങ് സൂ ഹൂവിനുമുളള​  വീസാ കാലാവധി കഴിഞ്ഞശേഷവും കേരളത്തിൽ തങ്ങുകയായിരുന്ന ഇവരെ ജൂലൈ 19നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇരുവരെയും ജയിലേയ്ക്ക് അയ്ക്കുകയായിരുന്നു.

ശനിയാഴ്ച കോടതി ഇവർക്ക് മനുഷ്യത്വപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കന്നുവെന്ന് വ്യക്തമാക്കിയെങ്കിലും ജാമ്യ വ്യവസ്ഥകളിൽ ഇളവുകളൊന്നും നൽകിയിട്ടില്ല. ജാമ്യം ലഭിച്ചുവെങ്കിലും പുറത്തുവരാൻ പല കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ട് ജാമ്യക്കാരും നാൽപതിനായിരം രൂപയുടെ ബോണ്ടും നൽകണം. ജാമ്യക്കാർ കേരളത്തിലെ സ്വദേശികളായിരിക്കണം. പാസ്പോർട്ട് പൊലീസ് കണ്ടുകെട്ടിയിട്ടില്ലെങ്കിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നുമിറങ്ങി മൂന്നു ദിവസത്തിനുളളിൽ പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നുണ്ട്.

ശനിയാഴ്ച ജാമ്യം അനുവദിച്ചുവെങ്കിലും മറ്റ് ചില രേഖകളിലെ പിഴവുകൾ മൂലം കടയ്ക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം കിട്ടിയാൽ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും ജയിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കുകയുളളൂ. ഇതേ സമയം ഈ കേസിൽ ഒന്നും രണ്ടും പ്രതികളായ സിയോലിനും യോങ്ങ് സൂ ഹുവിനും പുറമെ സിയോലിന്റെ ഭർത്താവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വീസാ കാലവധി കഴിഞ്ഞിട്ടും ഇവരെ പാർപ്പിച്ചതിനാണ് അദ്ദേഹത്തിനെതിരായി കേസ് റജിസ്റ്റർ ചെയ്തിട്ടുളളത്. ഇപ്പോൾ അപ്രത്യക്ഷനായിരിക്കുകയാണ് ഭർത്താവ്.

ഇതേ സമയം, ഇവർക്കെതിരെ വീസാ മാറ്റിയെടുക്കാൻ നൽകിയ മെഡിക്കൽ​രേഖകളിലെ പിഴവുകളുടെ പേരിൽ കടയ്ക്കൽ പൊലീസ് മറ്റൊരു കേസ് റജിസ്റ്റർ ചെയ്തു. ടൂറിസ്റ്റ് വീസായിൽ​ നിന്നും മെഡിക്കൽ വീസായിലേയ്ക്ക് മാറ്റിയെടുക്കാൻ നൽകിയ ആശുപത്രി രേഖകളിലാണ് പിഴവുകളുണ്ടെന്ന പേരിൽ പൊലീസ് കേസ് എടുത്തിട്ടുളളത്. ഈ കേസിന്റെ പശ്ചാത്തലത്തിൽ​ കൊച്ചിയിലെ കേസിൽ ലഭിച്ച ജാമ്യത്തിന്റെ പുറത്ത് അവർക്ക് പുറത്തിറങ്ങാൻ സാധിക്കില്ല. മെഡിക്കൽ രേഖകളുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്ന് അഭിഭാഷകൻ സജീവൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ