തിരുവനന്തപുരം: സംസ്ഥാനത്ത് ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാറുകളും ആരാധനാലയങ്ങളും സ്കൂളുകളും തമ്മിലുള്ള ദൂരപരിധി കുറച്ചു. ബാറുകളിലേക്ക് നേരത്തേ ഉണ്ടായിരുന്ന 200 മീറ്റർ ദൂരപരിധി 50 മീറ്ററാക്കിയാണ് ചുരുക്കിയത്.

2011 ലാണ് ദൂരപരിധി 200 മീറ്ററാക്കി നിജപ്പെടുത്തിയത്. ഈ ഉത്തരവാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഇതോടെ ആരാധനാലയങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നും 50 മീറ്റർ ദൂരം നിലനിർത്തിയാൽ ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകൾക്ക് പ്രവർത്തിക്കാൻ സാധിക്കും.

ഓഗസ്റ്റ് 29 നാണ് എക്സൈസ് വകുപ്പിന്റെ അധിക ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തേ തന്നെ ഫോർ സ്റ്റാർ ബാറുകളുടെ ദൂരപരിധി കുറയ്ക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സുപ്രീം കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിൽ നിന്ന് മാറ്റി സ്ഥാപിച്ച ബാറുകള്‍ക്ക് ദൂരപരിധി ഒരു തടസമായി വരുന്ന സാഹചര്യത്തിലാണ് ഇളവ്. ഇതോടെ സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ