കൊച്ചി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന നാല് മലയാളികൾ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. അതേസമയം അനൗദ്യോഗിക വിവരം ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

കാസർഗോഡ് ജില്ലയിൽ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് പോയവരാണ് കൊല്ലപ്പെട്ടത്. കാസർകോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുളളവരാണ് ഇവർ. പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, കുഞ്ഞ് എന്നിവരും തൃക്കരിപ്പൂർ സ്വദേശിയായ മുഹമ്മദ് മൻസാദുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

കാസർകോട് നിന്നുളള 15 പേരെ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർത്ത സംഭവത്തിൽ ബിഹാർ സ്വദേശിനി യാസ്‌മിൻ മുഹമ്മദിന് ഏഴ് വർഷം തടവ് ശിക്ഷക്ക് വിധിച്ചത് ഈയടുത്താണ്. ഇവർ അഫ്‌ഗാനിലേക്ക് കടക്കാൻ സഹായിച്ച നാല് മലയാളികളാണ് ഷിഹാസ്, അജ്‌മല, മൻസാദ് തുടങ്ങിയവർ. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്‌ദുൾ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്‌മിൻ. അബ്ദുൾ റാഷിദും നേരത്തേ ഐഎസിൽ ചേർന്നിരുന്നു.

ഡല്‍ഹി വിമാനത്താവളത്തില്‍ ജൂലൈ 31-നാണ് യാസ്മിൻ കേരള പൊലീസിന്റെ പിടിയിലായത്. കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഈ സമയത്ത് യാസ്‌മിനൊപ്പം നാല് വയസുകാരനായ മകനുമുണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലെ പടന്നയിൽ ഡോ.ഇജാസിന്റെ വീട്ടിൽ താമസിച്ചിരുന്ന കാലത്താണ് ഇവർ മലയാളികളുമായി ഇസ‌ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ പ്രവർത്തനത്തിന് ഇടപെട്ടതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ