കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ് വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജന്മനാ ഹൃദ്രോഗവും വളര്‍ച്ചക്കുറവും അനുഭവപ്പെട്ടിരുന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കൾക്കോ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. മാതാപിതാക്കളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. എന്നാല്‍ കുട്ടിയുടെ അകന്ന ഒരു ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ ഒരു മാഹി സ്വദേശിയും സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Read Also: കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളിൽ എല്ലാതരം രോഗികൾക്കും കോവിഡ് പരിശോധന

ഏപ്രില്‍ 17ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ഏപ്രില്‍ 21ന് കുട്ടിക്ക് അപസ്മാരം ഉണ്ടായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.