കോട്ടയം: ഏറ്റുമാനൂരിന് സമീപം കടപ്ലാമറ്റം വയല കൊശപ്പള്ളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ജുവലറിയിലെ സ്വർണപണിക്കാരനായ സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിത്.

വയലയിൽ​ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സിനോജ് (42), ഭാര്യ നിഷ (35), മക്കളായ സുര്യ തേജസ് (12), ശിവതേജസ് (ഏഴ്) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂര്യതേജസിന്റെ മൃതദേഹം കുളിമുറിയിലും നിഷയുടെയും ഇളയ മകൻ ശിവതേജസിന്റെയും മൃതദേഹങ്ങൾ കട്ടിലിലുമാണ് കണ്ടത്. മൂവരെയും കൊലപ്പെടുത്തിയ ശേഷം സിനോജ് ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് റിപ്പോർട്ടുകൾ.

മൂത്തമകന്റെ മൃതദേഹം കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. സിനോജിനെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിഷയുടെയും ശിവതേജസിന്റെയും കഴുത്തിൽ മുറുകിയ പാടുണ്ടെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.

സിനോജിന്റെ സുഹൃത്ത് രാവിലെ ഫോൺ​വിളിച്ച് ആരും എടുക്കാത്തതിനാൽ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിൽ സിനോജിന്റെ കുടുംബത്തിന് പുറമെ ഭിന്നശേഷിക്കാരനായ ബന്ധുവായ കുട്ടി താമസിച്ചിരുന്നു. ആ കുട്ടിയാണ് വാതിൽ തുറന്നത്.​ എന്നാൽ ഈ സംഭവങ്ങളൊന്നും ആ കുട്ടി അറിഞ്ഞിരുന്നില്ല.

പാലാ ഡിവൈഎസ്‌പി, ഫൊറൻസിക് വിദഗ്‌ധർ എന്നിവർ എത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ