തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം നാശനഷ്ടം. നാല് മരണമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മൂന്നുപേരെ കാണാതുമായി. അതേസമയം, വ്യാഴാഴ്‌ചവരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണു തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്.

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായി. രണ്ടുപേര്‍ മരം വീണും ഒരാള്‍ ഷോക്കേറ്റുമാണു മരിച്ചത്. കോഴിക്കോട് ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തന്‍കുന്ന് കല്യാണി (85) സ്വന്തം പറമ്പില്‍ മരത്തിനടിയില്‍പെട്ടു മരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി സായ്മഠത്തിനു സമീപം ആവത്താന്‍ വീട്ടില്‍ റജീഷ് കുമാറിന്റെ മകന്‍ വൈഷ്ണവ് (17) വെള്ളക്കെട്ട് കടന്നു പോകവേ ബൈക്കില്‍നിന്നു വീണു ബസിനടിയില്‍പെട്ടു മരിച്ചു.

കണ്ണൂരില്‍ പേരാവൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ ഓട്ടോയ്ക്കു മുകളില്‍ മരം വീണാണ് ആര്യപ്പറമ്പ് കാഞ്ഞിരക്കാട്ട് സിറിയക്കിന്റെ മകള്‍ സിതാര (20) മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു. ആലപ്പുഴ തൈക്കാട്ടുശേരി മണപ്പുറം ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (60) പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്നു ഷോക്കേറ്റാണു മരിച്ചത്.

പാലക്കാട് ആലത്തൂര്‍ കാവശേരി വാവുള്ളിപുരം അബൂബക്കറിന്റെ മകന്‍ ആഷിക്കിനെ (22) നെല്ലിയാമ്പതിയില്‍ കാണാതായി. മലപ്പുറം തേഞ്ഞിപ്പലം മാതാപ്പുഴ കറുത്താമകത്ത് ഷാക്കിറയുടെ മകന്‍ മുഹമ്മദ് റബീഹ് (ഏഴ്) കടലുണ്ടിപ്പുഴയിലെ മാതാപ്പുഴ കടവില്‍ ഒഴുക്കില്‍പെട്ടു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം ഇളപ്പുപാറ തടത്തുകാലായില്‍ ബൈജു (31) ശനിയാഴ്ചയാണ് അച്ചന്‍കോവിലാറ്റില്‍ അട്ടച്ചാക്കല്‍ കൊല്ലേത്തുമണ്‍ കാവുംപുറത്തു കടവില്‍ ഒഴുക്കില്‍പെട്ടത്.

അതേസമയം, ആലപ്പുഴ തുറവൂര്‍ തീരദേശ റെയില്‍ പാളത്തില്‍ മരം വീണ് റെയില്‍ ഗതാഗതം തടസപ്പെട്ടു. ചന്തിരൂരിന് സമീപമായിരുന്നു സംഭവം. റെയില്‍വേയുടെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതിനാല്‍ ഗതാഗതം നിലച്ചു. ഇതോടെ മറ്റു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ