തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ നാല് ഭരണസമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുൻ പ്രസിഡന്റ് കെ.കെ.ദിവാകരന്, ഭരണസമിതി അംഗങ്ങളായിരുന്ന ജോസ് ചക്രംപിള്ളി, ടി.എസ്.ബൈജു, വി.കെ.ലളിതന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നു പുലര്‍ച്ചെയാണു ക്രൈംബാഞ്ച് അറസ്റ്റ് ചെയ്തത്.
കേസില്‍ രാഷ്ട്രീയകാരണങ്ങളാൽ അറസ്റ്റ് മനഃപൂര്‍വം വൈകിക്കുകയാണെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് നാലു പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുമുണ്ട്. ബാങ്ക് മുന്‍ ജീവനക്കാരന് എം.വി.സുരേഷാണു കോടതിയെ സമീപിച്ചത്.
കേസില്‍ 12 ഭരണസമിതി അംഗങ്ങളെയാണു ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളിലൊരാളായ കിരണിനെ അറസ്റ്റ് ചെയ്തിട്ടില്ല.
ബാങ്കില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നെന്നും പരാതിയോ നടപടിയോ ഇല്ലെന്നും സിബിഐയോ എന്‍ഫോഴ്സ്മെന്റോ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് എം.വി.സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ നിലപാടെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും തിരിമറി നടത്തിയ പണം പ്രതികള്‍ ഭൂമി കച്ചവടത്തിനോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിച്ചതിനു തെളിവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Also Read: മഴ തീവ്രമാകുന്നു; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രതികള്‍ക്കും ബാങ്കിനും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നത് അന്വേഷണ ഏജന്‍സി മാറാന്‍ കാരണമല്ല. ഈ ബന്ധം അന്വേഷണത്തെ ബാധിക്കില്ല. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ല. പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നതില് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
ഹര്ജിക്കാരന് സത്യസന്ധനല്ലെന്നും ഉത്തമ വിശ്വാസത്തോടെയല്ല കോടതിയെ സമീപിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ക്കെതിരെ രണ്ടു പരാതികളുണ്ട്. ബാങ്കില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതിനു പുറത്താക്കപ്പെട്ടയാളാണ് ഹര്‍ജിക്കാന്‍. ജീവനക്കാരിയാട് മോശമായി പെരുമാറിയതിനും കേസുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്കില്‍ 279 വായ്പകള്‍ ക്രമരഹിതമായി അനുവദിച്ചതായാണ് സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. വ്യാജ അംഗത്വത്തിന്റെ മറവിലാണു തിരിമറി നടന്നത്. വായ്പയെടുത്തവരുടെയും ജാമ്യക്കാരുടെയും ബാധ്യതാ ലെഡ്ജര്‍ ബാങ്ക് സൂക്ഷിക്കുന്നില്ല. 2016-2021 കാലയളവിലെ ഡയറക്ടര്‍മാര്‍ സഹകരണ വകുപ്പിന്റെ ഉത്തരവ് മറികടന്ന് വായ്പ അനുവദിച്ചിട്ടുണ്ട്. നിലം ഈടായി സ്വീകരിച്ച് ആറരക്കോടി അനുവദിച്ചു.
ഒന്നും രണ്ടും പ്രതികളാണ് വായ്പാ രേഖകള്‍ പരിശോധിച്ചത്. ബാങ്ക് ഡയറക്ടര്‍മാരും പ്രതികളും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരും. പ്രതികള്‍ പദവി ദുരുപയോഗം ചെയ്ത് ബാങ്കിനു നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.