കൊച്ചി: കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാക്കുന്നതിനു പകരം ലൈംഗിക പീഡനക്കേസുകളില്‍ വേണ്ടത് ശക്തമായ നടപടിയെന്നു ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്. കത്തോലിക്കാ സഭയിലെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാക്കി സീറോ മലബാര്‍ സിനഡ് അടുത്തിടെ പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരെയാണ് ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് രംഗത്തെത്തിയത്.

രാജ്യത്തെമ്പാടുമായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന കന്യാസ്ത്രീകളും, വൈദികരും, അല്‍മായരും അടങ്ങുന്ന സംഘടനയാണ് ഫോറം ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ്. അച്ചടക്കം നടപ്പാക്കാനെന്ന പേരില്‍ പുറപ്പെടുവിക്കുന്ന ഇത്തരം ഓര്‍ഡറുകള്‍ വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് പീസ് ഫോറം ചൂണ്ടിക്കാട്ടുന്നു. സഭയെന്നത് സാഹോദര്യം, സ്വാതന്ത്ര്യം, തുല്യത എന്നിവയില്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കേണ്ടതാണെങ്കിലും ദുഃഖകരമെന്നു പറയട്ടെ അടുത്ത കാലത്തുണ്ടായ ചില സംഭവവികാസങ്ങളും സീറോ മലബാര്‍ സഭാ മത്രാന്‍ സിനഡിന്റെ ഇപ്പോഴത്തെ നിലപാടുകളും വ്യക്തമാക്കുന്നത് സഭ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന മൂല്യങ്ങളില്‍ ഊന്നിയല്ലായെന്നു തന്നെയാണ്. അച്ചടക്കത്തിന്റെ പേരില്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ പോലും തടയാന്‍ ശ്രമിക്കുന്നത് വ്യക്തികളുടെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമായേ കാണാനാവൂ. തങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ജീവിതാന്തസിന്റെ ഭാഗമായി വ്രതങ്ങള്‍ കന്യാസ്ത്രീകളും വൈദികരും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് എന്തും അനുസരിക്കാനുള്ള അടിമത്തമായി കാണരുത്, ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരേ നടക്കുന്ന പീഡനങ്ങളില്‍ പ്രത്യേകിച്ച് ലൈംഗിക പീഡനക്കേസുകളില്‍ സഭ ശക്തമായ നടപടിയെടുക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. എല്ലാ വനിതാ കോണ്‍ഗ്രിഗേഷനുകളുടെയും മേജര്‍ സുപ്പീരിയറുമാര്‍ തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഒപ്പം ഇത്തരം സംഭവങ്ങളുണ്ടായാല്‍ ബന്ധപ്പെട്ട സിവില്‍, സഭാ സംബന്ധമായ കേന്ദ്രങ്ങളില്‍ വിവരം റിപ്പോര്‍ട്ടു ചെയ്യാനും തയ്യാറാകണം, പീസ് ഫോറം പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിന്തകളും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങളുമായും ഒട്ടും യോജിക്കുന്നതല്ല ഇപ്പോഴത്തെ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങളെന്നു പറയുന്ന ഫോറം ഇന്ത്യയിലെമ്പാടും സഭാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടു സിബിസിഐ പുറത്തിറക്കിയ മാര്‍ഗരേഖ നിര്‍ബന്ധമായും പാലിക്കണം. ഇതു കൃത്യമായി നടപ്പിലാക്കാന്‍ സഭയ്ക്കുള്ളില്‍ തന്നെ സ്വതന്ത്രമായ ഒരു ട്രൈബ്യൂണല്‍ സ്ഥാപിക്കുകയും വിരമിച്ച ഒരു ജഡ്ജിയെ തലപ്പത്തു നിയമിക്കുകയും ചെയ്യണമെന്നും ഫോറം ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യന്‍ വുമണ്‍ തിയോളജിയന്‍സ് ഫോറം (ഐഡബ്ല്യുടിഎഫ്), ഇന്ത്യന്‍ ക്രിസ്ത്യന്‍ വുമണ്‍സ് മൂവ്‌മെന്റ് (ഐസിഡബ്ല്യുഎം), കാമ്പയിന്‍ ഫോര്‍ ഹൗസിങ് ആന്‍ഡ് ടെനൂറിയല്‍ റൈറ്റ്‌സ് (സിഎച്ച്എടിആര്‍ഐ), നാഷണല്‍ വര്‍ക്കേഴ്‌സ് മൂവ്‌മെന്റ് (എന്‍ഡബ്ല്യുഎം), നെറ്റ്‌വര്‍ക്ക് ഓർ വിമണ്‍ ഇന്‍ മീഡിയ (എന്‍ഡബ്ല്യുഎംഐ) എന്നിവ ഉള്‍പ്പെടുന്നതാണ് ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്. കഴിഞ്ഞയാഴ്ച സമാപിച്ച സീറോ മലബാര്‍ സിനഡിനു ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാക്കി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. വൈദികരും കന്യാസ്ത്രീകളും അച്ചടക്കം ലംഘിച്ചാല്‍ കാനോന്‍ നിയമപ്രകാരം കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ