കണ്ണൂർ: മുസ്ലീം യൂത്ത് ലീഗ് മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മൂസാൻ കുട്ടി സിപിഎമ്മിലേക്ക് .പുറത്തി പള്ളിയിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവിനെ പാർട്ടി സംരക്ഷിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം മൂസാൻ കുട്ടി യൂത്ത് ലീഗ് ജില്ലാ ഭാരവാഹിത്വം രാജിവെച്ചിരുന്നു. തുടർന്നാണ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ഇന്നലെെ വൈകീട്ട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിയാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പുറത്തിയില്‍ പള്ളിയിലെ പണം അപഹരിച്ച കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന ലീഗ് നേതാവിനെ നേതൃത്വം സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടതെന്നാണ് ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വിശദീകരിച്ചിട്ടുള്ളത്.

അൻപതോളം ലീഗ് പ്രവർത്തകരും മൂസാൻ കുട്ടിക്കൊപ്പം പാർട്ടി വിട്ട് സിപിഎമ്മില്‍ ചേർന്നിട്ടുണ്ട്. 27ന് കണ്ണൂരിൽ നടക്കുന്ന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കും.

പി.ജയരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്​:

‘യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിരുന്ന മൂസാൻകുട്ടി നടുവിലും അമ്പതോളം പ്രവർത്തകരും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.ഇന്ന് വൈകുന്നേരം പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിൽ എത്തി അവർ പാർട്ടി നേതാക്കളെ കാണുകയുണ്ടായി.
കണ്ണൂർ പുറത്തിയിൽ പള്ളിയിലെ പണം അപഹരിച്ച കേസിൽ പ്രതിയായി ജയിലിൽ കിടന്ന മുസ്ലിം ലീഗ് നേതാവിനെ ലീഗ് നേതൃത്വം സംരക്ഷിക്കുന്നതിനെതിരെ മൂസാൻകുട്ടി പ്രതികരിച്ചിരുന്നു.എന്നാൽ പണം അപഹരിച്ച നേതാവിനെ ജയിൽ മോചിതനായപ്പോൾ പച്ച മാലയിട്ട് സ്വീകരിക്കുകയും ന്യായത്തിനു വേണ്ടി പ്രതികരിച്ച മൂസാൻകുട്ടിക്കെതിരെ നടപടിയെടുക്കുകയുമാണ് ലീഗ് നേതൃത്വം ചെയ്തത്.
ഇത് ഒരു തുടക്കം മാത്രമാണ്.മൂസാൻകുട്ടിയും സഹപ്രവർത്തകരും എടുത്ത തീരുമാനമാണ് ശരിയെന്ന് ഇന്നല്ലെങ്കിൽ നാളെ ബാക്കിയുള്ള മുസ്ലിം ലീഗ് പ്രവർത്തകരും മനസിലാക്കും. അഴിമതിക്കാരെ സംരക്ഷിക്കുന്ന മുസ്ലിം ലീഗിൽ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകും.
രാജി വെച്ച് വന്ന മൂസാൻകുട്ടിക്കും സഹപ്രവർത്തകർക്കും ജൂലൈ 27 നു പാർട്ടി സംസ്ഥാന സെക്രട്ടറി സ:കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ