തിരുവനന്തപുരം: ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്നത് സര്‍ക്കാരും കമ്പനിയും തമിലുള്ള ഒത്തുകളിയെന്ന് മുന്‍ സ്‌പെഷല്‍ പ്ലീഡര്‍ സുശീലാ ഭട്ട്. “പതിറ്റാണ്ടുകളായി രാജ്യത്തെയും വ്യവസ്ഥിതിയേയും വഞ്ചിച്ചുകൊണ്ട് ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന കമ്പനിക്ക് അനായാസം സര്‍ക്കാരിനെ സ്വാധീനിക്കാനും. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ സാധിച്ചെടുക്കാനും കഴിയും. കഴിഞ്ഞ 60 വര്‍ഷമായ് അവര്‍ ചെയ്യുന്നത് ഇത് തന്നെയാണ്.” ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി വിധിക്ക് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനോട്‌ സംസാരിക്കുകയായിരുന്നു സുശീലാ ഭട്ട്.

“കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി രാജ്യത്തേയും വ്യവസ്ഥിതിയേയും വഞ്ചിച്ചുകൊണ്ട് ഭൂമി കൈവശം വയ്ക്കുന്നവരാണിവര്‍. സര്‍ക്കാരിനെ സ്വാധീനിക്കുകയെന്നത് അവര്‍ക്ക് വളരെ അനായാസമായ കാര്യമാണ്. 60 വര്‍ഷമായി നടക്കുന്നത് ഈ ഒത്തുകളിയാണ്. അത് തന്നെയാണ് ഇന്നും നടന്നത്,” സുശീലാ ഭട്ട് പറഞ്ഞു. 2016 ജൂലൈ പതിനാറിനാണ് സുശീലാ ഭട്ടിനെ റവന്യൂ സ്‌പെഷല്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത്. ഹാരിസണ്‍- ടാറ്റ അടക്കമുള്ള പല കേസുകളിലും സര്‍ക്കാരിന്റെ ഭാഗം വിജയിപ്പിച്ച അഭിഭാഷകയാണ് സുശീലാ ഭട്ട്.  കേസില്‍ നിന്നും സുശീലാ ഭട്ടിനെ  മാറ്റിയത് ഏറെ രാഷ്ട്രീയ വിവാദമായിരുന്നു.

ഭരണഘടനയിലെ സാമൂഹ്യനീതി സങ്കല്‍പ്പങ്ങളെയാകമാനം റദ്ദുചെയ്യുന്നതാണ് ഇന്നത്തെ വിധി എന്ന് സുശീലാ ഭട്ട് പറഞ്ഞു. “ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ്‌ വ്യാജ പട്ടയവും രേഖകളും വച്ച് ഈ വിദേശ കമ്പനി കൈവശപ്പെടുത്തിയിട്ടുള്ളത്. നികുതി അടച്ചുകൊണ്ടിരിക്കുന്ന ഭൂമി എന്ന കാരണത്താല്‍ ഒരു വിദേശ കമ്പനിക്ക് ആ ഭൂമി മുഴുവനായും കൈവശപ്പെടുത്താം എന്ന് വിധിയില്‍ പറയുമ്പോള്‍ കേരളാ ഭൂപരിഷ്കരണ നിയമപ്രകാരം ആ ഭൂമിയിന്മേലുള്ള അവകാശം അവര്‍ക്കുമേല്‍ വന്നുചേരുകയാണ്. ഭരണഘടനയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണിത്.”  കേരളാ ഭൂപരിഷ്കരണ നിയമം, കേരളാ ഭൂ സംരക്ഷണ നിയമം എന്നിവയേയും ഭരണഘടനയെ തന്നെയും പൂര്‍ണമായും നിരാകരിക്കുന്നതാണ് കോടതി വിധി എന്ന് സുശീലാ ഭട്ട് കൂട്ടിച്ചേര്‍ത്തു.

Read More : “ഭൂമി ഏറ്റെടുക്കുന്നെങ്കിൽ നഷ്ടപരിഹാരം വേണം” ഹാരിസൺ, “ക്രിമിനൽ കേസാണ് വേണ്ടത്” സുശീല ഭട്ട്

ഉടമസ്ഥാവകാശമില്ലെങ്കിലും 1967 മുതല്‍ തങ്ങള്‍ കൈവശഭൂമിക്ക് കൃത്യമായി ഭൂനികുതി അടക്കുന്നുണ്ട്. അതിനാല്‍ തന്നെ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്ന വാദമാണ് ഹാരിസണ്‍ മലയാളം കോടതിയില്‍ ഉന്നയിച്ചത്.  അതിനാല്‍ തന്നെ ഭൂപരിഷ്കരണ നിയമമുപയോഗിച്ച് തങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള നടപടി റദ്ദുചെയ്യണം എന്ന് കമ്പനി വാദിച്ചു. ഹാരിസണ് അനുകൂലമായ ഈ പഴുത് നേരത്തെ തന്നെ റവന്യൂ വകുപ്പിന് അറിയാമായിരുന്നു.

ഇവിടെ നിലനില്‍ക്കാത്തതായ ഒരു വിദേശ കമ്പനിക്ക് ഭൂമിക്ക് മേലുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഭൂരഹിതരായ ജനങ്ങളുടെ ഭൂ അവകാശമാണ് വഞ്ചിക്കപ്പെടുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന അഭിഭാഷക കൈയ്യേറ്റത്തെ നിയമപരമാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമാണ് എന്നും വിലയിരുത്തുന്നു.

“ഇവിടെ നിലനില്‍ക്കാത്തതായ ഒരു വിദേശ കമ്പനികള്‍ക്ക് വേണ്ടി എല്ലാവരും പ്രവര്‍ത്തിക്കുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് ജനങ്ങളുടെ അവകാശമാണ്. ഭൂമി സ്വന്തമാക്കി വയ്ക്കാനുള്ള വിദേശ കമ്പനിയുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഭൂരഹിതരായ ദരിദ്രന് ഭൂമിക്ക് മേലുള്ള അവകാശം പരിഗണിക്കപ്പെടുന്നുകൂടിയില്ല.” സുശീലാ ഭട്ട് പറഞ്ഞു.

സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനമാണ് ഇന്ന് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. വൻകിട കമ്പനികളുടെ നിലനിൽപ് സംസ്ഥാനത്തിന് ആവശ്യമാണെന്നും കോടതി പറയുകയുണ്ടായി. ഹാരിസണിന്റെ കൈവശമുളള നാൽപതിനായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന കേസിലായിരുന്നു വിധി.

Read More : “ഹാരിസൺ കേസ് പരാജയപ്പെട്ടാൽ അത് ഇടതുപക്ഷ സർക്കാരിന്റെ വീഴ്‌ച മാത്രം” മുൻ ഗവ: പ്ലീഡർ സുശീലാഭട്ട്

അതേസമയം, വിധിയെ കുറിച്ച് ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ 100 വര്‍ഷത്തിന് മുകളിലായി കൃത്യമായി ഭൂനികുതിയും മറ്റ് നികുതികളും നല്‍കുന്ന ഹാരിസണ്‍ മലയാളത്തിനെ സംബന്ധിച്ച് കോടതി വിധി വലിയ ആശ്വാസമാണ് എന്നായിരുന്നു കമ്പനിയുടെ ലീഗല്‍ വൈസ് പ്രസിഡന്റ് വി.വേണുഗോപാലിന്റെ പ്രതികരണം. കമ്പനിയുടെ കൈവശമുള്ള ഭൂമി നിയമപ്രകാരമാണ് എന്നതിനെ ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെയും റവന്യൂ വകുപ്പിനെയും വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയേയും പ്രതിരോധത്തിലാക്കുന്നതാണ് സുശീലാ ഭട്ടിന്റെ പ്രതികരണം. വരും ദിവസങ്ങളില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കായിരിക്കും ഇത് തിരികൊളുത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ