കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസറും കോട്ടയം ബസേലിയസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ. പി.സി.ഏലിയാസ് അന്തരിച്ചു. 2008 മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 73 വയസ്സായിരുന്നു. ഭൗതിക ശരീരം ശനിയാഴ്ച ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 3.30  ന് കോട്ടയം സെന്‍റ് ലാസറസ് പളളിയിലാണ് സംസ്കാരം..

കോതമംഗലം മാര്‍ അത്താനാസിയോസ് എൻജിനീയറിങ് കോളജ്, കോട്ടയം ബസേലിയസ് കോളേജ്, നൈജീരിയ, മിനിസ്ട്രി ഓഫ് എജ്യുക്കേഷന്‍ ആന്റ് ജോസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനുഷ്ഠിച്ച അദ്ദേഹം, കോട്ടയം ബസേലിയസ് കോളേജ്, പഴഞ്ഞി എംഡി കോളേജ് ഗുഡ് ഷെപ്പേര്‍ഡ് ജൂണിയര്‍ കോളേജ് എന്നീ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2006- 17 വരെ ഗുഡ് സ്കൂള്‍ മാനേജരായായിരുന്നു അദ്ദേഹം. 1999ല്‍ ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എജ്യുക്കേഷന്‍റെ മികച്ച പ്രിന്‍സിപ്പലിനുളള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

‘പ്രഭാ നാമ്പുകൾ’, ‘മനുഷ്യദർശനം’ എന്നീ ഗ്രന്ഥങ്ങള്‍ക്ക് പുറമെ  ഇക്കണോമിക്സില്‍ അഞ്ച് പുസ്തകങ്ങളും അനവധി പ്രബന്ധങ്ങളും  അദ്ദേഹം  എഴുതിയിട്ടുണ്ട്.   കേരള ഇക്കണോമിക്സ് ഫോറം കോട്ടയം സെക്രട്ടറിയായും, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സ്റ്റേറ്റ്, എംജിഒസിഎസ്എം വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും, പോസ്റ്റ് എസ്എസ്എല്‍സി എജ്യുക്കേഷന്‍ പ്രോഗ്രാം ഫൗണ്ടര്‍ ഡയറക്ടര്‍, നൈജീരിയ ഇന്ത്യന്‍ അസോസിയേഷന്‍ ഫൗണ്ടര്‍ സെക്രട്ടറി, കോട്ടയം റെഡ് ക്രോസ് സൊസൈറ്റി, വൈഎംസിഎ ലൈഫ് മെമ്പര്‍ സഭാ മാനേജിങ് കമ്മിറ്റി മെമ്പര്‍, ഓള്‍ കേരള കോളേജ് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.