കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ എല്‍ഡിഎഫിന്റെ പ്രചാരണ തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ എംപിയും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച രീതി മുതല്‍ താര പ്രചാരകരത്തിയതില്‍ വരെ പിഴവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം.
“ഇത്ര വലിയ തോല്‍വിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ജയിക്കുമെന്ന് വരെ കരുതിയിരുന്നു. മണ്ഡലത്തിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്ന ഒരാളെന്ന നിലയിലുള്ള പ്രതീക്ഷയായിരുന്നു അത്. പ്രചരണപരിപാടികളുടെ തീവ്രത വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുമെന്ന് കരുതി, നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് അവിടെയൊരു മാറ്റമുണ്ടാകുമെന്ന് കരുതി,” അദ്ദേഹം വ്യക്തമാക്കി.
“പക്ഷെ മാറ്റമുണ്ടായില്ല. എന്നാല്‍ അക്കാര്യത്തില്‍ എനിക്ക് അത്ഭുതമില്ല. 2009 ല്‍ രൂപീകൃതമായതുമുതല്‍ യുഡിഎഫിനൊപ്പം നല്ല നിലയില്‍ നിന്ന മണ്ഡലമാണ് തൃക്കാക്കര. മാറ്റം വരണമെന്ന് തൃക്കാക്കര ആഗ്രഹിക്കുന്നില്ല. അത് ഒരിക്കല്‍കൂടി ഈ തിരഞ്ഞെടുപ്പില്‍ തെളിയിച്ചിരിക്കുകയാണ് വോട്ടര്‍മാര്‍,” സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.
“ധാരാളം പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എല്‍ഡിഎഫിന്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച രീതി മുതല്‍ ഒട്ടേറെ പാളിച്ചകള്‍ ഉണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രചരണപരിപാടികള്‍ വന്‍തോതില്‍ അവിടെ നടന്നെന്ന് പറയുമ്പോഴും പോരായ്മകളുണ്ട്. അവിടെ പ്രാദേശിക പ്രവര്‍ത്തകരെ മറികടന്ന് എവിടെ നിന്നൊക്കെയൊ വന്നവര്‍ മണ്ഡലം കയ്യടക്കിയ അവസ്ഥയുണ്ടായി,” മുന്‍ എംപി വിമര്‍ശിച്ചു.
“മുഖ്യമന്ത്രി, മന്ത്രിമാര്‍, അറുപതോളം വരുന്ന എംഎല്‍എമാര്‍ വന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ അധിനിവേശമായിരുന്നു. ഇവിടുത്തെ പ്രവര്‍ത്തകര്‍, വോട്ടര്‍മാരെ അറിയാവുന്നവര്‍. അവര്‍ സമ്പൂര്‍ണമായും പുറത്താക്കപ്പെട്ടു. വോട്ടര്‍മാരെ അറിയാവുന്ന പ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട പ്രാധാന്യം കൊടുത്തില്ല എന്ന പരാതിയുമുണ്ടായി,” അദ്ദേഹം വിശദമാക്കി.
സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ സഭയുടെ പ്രതിനിധിയുടെ സാന്നിധ്യമുണ്ടായ രീതി ശെരിയായില്ല. ഞാന്‍ ആദ്യമായി 97 ല്‍ മത്സരിക്കുമ്പോള്‍ എന്നെ ലെനിന്‍ സെന്ററിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അതുപോലെ പാര്‍ട്ടിക്കറിയാമല്ലൊ എന്താണ് ചെയ്യേണ്ടതെന്ന്. ആവശ്യമായ സംവിധാനങ്ങളുണ്ടല്ലോ. അങ്ങനെയൊക്കെ ചില പാളിച്ചകളുണ്ടായെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് യുഡിഎഫിനുണ്ടായത്. കാല്‍ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മറികടന്ന് ഉമ തോമസം വിജയിച്ചത്. യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചതിലും വലിയ വിജയമാണുണ്ടായത്. ബിജെപിയുടെ മണ്ഡലത്തിലെ വോട്ടു വിഹിതവും കുറഞ്ഞു.
Also Read: തൃക്കാക്കര: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഊർജമാകുമോ കേരളത്തിലെ നവോന്മേഷം?