Latest News

മോഡലുകളുടെ അപകട മരണം: റിമാന്റ് റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടൊ എന്ന് അന്വേഷിക്കണമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു

Miss Kerala, Ansi Kabeer, Accident
അഞ്ജന ഷാജന്‍ (ഇടത്), അന്‍സി കബീര്‍ (വലത്)

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് വയലാട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍. ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടൊ എന്ന് അന്വേഷിക്കണമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മറച്ച് വയ്ക്കുന്നതിനായാണോ ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും പൊലീസ് സംശയം ഉന്നയിക്കുന്നു.

അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ഡിജെ പാർട്ടി ഹോട്ടലിന്റെ റൂഫ് ടോപ്പിൽ വച്ചായിരുന്നു. ഇവിടുത്തെ ക്യാമറയിലേക്കുള്ള വൈദ്യുതി നേരത്തെ തന്നെ വിച്ഛേദിച്ചിരുന്നു. പാർട്ടിക്കിടെ റോയിയും ഇവരുടെ കാര്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനും ചേര്‍ന്ന് യുവതികളോട് ഹോട്ടലില്‍ തുടരാന്‍ ആവശ്യപ്പെട്ടതായും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടലിന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ഇത് സംബന്ധിച്ച് യുവതികളോട് സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം കുണ്ടന്നൂരിലെത്തിയപ്പോഴാണ് സൈജു പിന്തുടരുന്ന കാര്യം കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന് മനസിലായത്. അബ്ദുള്‍ റഹ്മാന്‍ വാഹനം നിര്‍ത്തി. അവിടെ വച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് പറഞ്ഞ് സൈജു നിർബന്ധിക്കുകയും യുവതിയും സുഹുത്തുക്കളും എതിര്‍ക്കുകയും ചെയ്തു. പിന്നീടാണ് അപകടത്തിലേക്ക് നയിച്ച കാര്‍ ചെയ്സിങ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കേസില്‍ അറസ്റ്റിലായ റോയിക്കും ഹോട്ടലിലെ അഞ്ച് ജീവനക്കാര്‍ക്കും ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് അറസ്റ്റിലായ പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു. പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നൽകി. കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്നും റോയ് വയലാട്ടും ജീവനക്കാരും ജാമ്യാപേക്ഷയിൽ കോടതിയെ ബോധിപ്പിച്ചിരുന്നു.

നവംബര്‍ ഒന്നാം തീയതിയായിരുന്നു അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് വച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാന്‍ എന്നിവരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ് ആഷിഖ് പിന്നീട് മരിച്ചു.

Also Read: മോഡലുകളുടെ അപകട മരണം: ഹോട്ടലുടമ അടക്കം ആറ് പ്രതികൾക്കും ജാമ്യം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Former miss kerala ansi kabeer car accident case remand report

Next Story
മഴ ശക്തമായി തുടരും; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Kerala Rain, Monsoon
The moderation of comments is automated and not cleared manually by malayalam.indianexpress.com