കൊച്ചി: കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ, അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ കേസിൽ ഇതുവരെ പ്രതിയല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പ്രതിയാക്കിയാൽ നോട്ടീസ് നൽകിയേ ചോദ്യം ചെയ്യാൻ വിളിക്കൂവെന്നും സർക്കാർ വ്യക്തമാക്കി. സൈജു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹർജി കോടതി തീർപ്പാക്കി.
താൻ കേസിൽ പ്രതിയല്ലെന്നും ഹോട്ടലിൽ വച്ച് പരിചയപ്പെട്ട ഡ്രൈവർ അബ്ദുൾ റഹ്മാനെ മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സൈജുവിന്റെ വാദം.
ഹോട്ടലിൽ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചക്കരപറമ്പിൽ അപകടം ശ്രദ്ധയിൽ പെട്ടെന്നും ഉടൻ പൊലീസിനെ അറിയിച്ചെന്നും സൈജു ബോധിപ്പിച്ചു. താൻ വാഹനത്തെ പിന്തുടർന്നതാണ് അമിത വേഗത്തിൽ കാർ ഓടിക്കാൻ കാരണമെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞതായി മാധ്യമങ്ങളിൽ നിന്നാണ് മനസിലായതെന്നും പൊലീസ് അറസ്റ്റ് ചെയ്യാനും മൂന്നാം മുറ പ്രയോഗിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
Also Read: മോഡലുകളുടെ മരണം: ഹാർഡ് ഡിസ്കിനായുള്ള പുഴയിലെ തിരച്ചിൽ നിർത്തിവച്ചു