കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. സൈജുവിനെ ശനിയാഴ്ച മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ കാലാവധി അവസാനിച്ചതിനെത്തുടർന്ന് പൊലീസ് വീണ്ടും മൂന്ന് ദിവസത്തെ കസ്റ്റഡിക്കായി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
പൊലീസിന്റെ വാദങ്ങൾ കേട്ട ശേഷം സൈജുവിനെ വീണ്ടും മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു. അതേസമയം, കേസിൽ സൈജു സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചിട്ടില്ല.
സൈജു തന്റെ ഔഡി കാറിൽ പിന്തുടർന്നതിനാലാണ് മോഡലുകൾ സഞ്ചരിച്ച കാർ വേഗം കൂട്ടിയതെന്നും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. മോഡലുകളെ പിന്തുടർന്ന സൈജുവിന്റെ ഔഡി കാർ കസ്റ്റഡിയിൽ എടുക്കണമെന്ന ആവശ്യം കോടതി നേരത്തെ പരിഗണിച്ചിരുന്നു.
Also Read: മോഫിയയുടെ മരണം: പ്രതികളെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
വെള്ളിയാഴ്ചയാണ് സൈജു അറസ്റ്റിലായത്. കളമശേരിയിലെ മെട്രോ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി സൈജു വെള്ളിയാഴ്ച ഹാജരായിരുന്നു. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. അപകടത്തിലേക്ക് നയിച്ച പ്രവൃത്തിക്കും, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടർന്നതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡിജെ പാർട്ടി നടന്ന ഹോട്ടലിലും മോഡലുകളുമായി തർക്കത്തിൽ ഏർപ്പെട്ട കുണ്ടന്നൂർ പാലത്തിനടുത്തും സൈജുവുമായി ശനിയാഴ്ച രാവിലെ തെളിവെടുപ്പ് നടത്തിയിരുന്നു. അതിനു ശേഷമാണ് ആദ്യത്തെ കസ്റ്റഡി അപേക്ഷക്കായി ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
Also Read: വയനാട്ടിൽ യുവാവ് വെടിയേറ്റു മരിച്ചു; ബന്ധുവിന് ഗുരുതര പരുക്ക്