കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹാനാപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ആറ് പ്രതികൾക്കും ജാമ്യം ലഭിച്ചു. ഡിജെ പാർട്ടി നടന്ന ഹോട്ടൽ18ന്റെ ഉടമ റോയ് വയലാട്ട് ഹോട്ടൽ ജീവനക്കാരായ വിൽസൻ റെയ്നോൾഡ്, എംബി മെൽവിൻ, കെകെ.അനിൽ, ജിഎ സിജുലാൽ, വിഷ്ണുകുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കൊച്ചിയിൽ മോഡലുകൾ വാഹാനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് അറസ്റ്റിലായ പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു. പരാതി എഴുതി നല്കാന് കോടതി നിര്‍ദേശം നൽകി. കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്നും റോയ് വയലാട്ടും ജീവനക്കാരും ജാമ്യാപേക്ഷയിൽ കോടതിയെ ബോധിപ്പിച്ചിരുന്നു.
തന്റെ ഹോട്ടലിൽ ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ലെന്നും ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നതെന്നും റോയ് ബോധിപ്പിച്ചു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്നും റോയ് ജാമ്യാപേക്ഷയിൽ പറഞ്ഞു.
കാറോടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ രക്ഷിക്കാനാണ് പൊലീസിന്റെ നീക്കം. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ പീഡിപ്പിക്കുകയാണ്. ആരോഗ്യനില മോശമായതിനെത്തുടർന്ന് റോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റോയ് ബോധിപ്പിച്ചു. മജിസ്ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷം ജാമ്യാപേക്ഷയിൽ വിധിയുണ്ടാകും. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നല്‍കിയിട്ടുമുണ്ട്.
കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ ഇനിയും പിടികൂടിയിട്ടില്ലെന്നു പ്രതികൾ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞുവെന്നു തെളിഞ്ഞതായി പൊലീസ് അറിയിച്ചു. കേസിൽ എന്തൊക്കെയോ മറയ്ക്കാനുള്ളതിനാലാണ് ഹാർഡ് ഡിസ്ക് നശിപ്പിച്ചതെും പൊലീസ് ബോധിപ്പിച്ചു. സമയപരിധി കഴിഞ്ഞും ഹോട്ടലിൽ മദ്യം വിളമ്പിയതായും പൊലീസ് കോടതിയെ അറിയിച്ചു.
അതിനിടെ, സൈജു തങ്കച്ചൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. താൻ കേസിൽ പ്രതിയല്ലെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്ന് ഡ്രൈവർ അബ്ദുൾ റഹ്മാനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സൈജുവിന്റെ വാദം. ഹോട്ടലിൽ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ പൊലീസിനെ അറിയിച്ചെന്നും സൈജു ബോധിപ്പിച്ചു.
താൻ വാഹനത്തെ പിന്തുടർന്നതാണ് അമിത വേഗത്തിൽ കാർ ഓടിച്ചതിന് കാരണമെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞതായി മാധ്യമങ്ങളിൽ നിന്നാണ് മനസിലായതെന്നും പൊലീസ് അറസ്റ്റ് ചെയ്യാനും മൂന്നാം മുറ പ്രയോഗിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി കോടതി ഇന്ന് പരിഗണിക്കും.
Also Read: വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവം: ഹോട്ടല്‍ ഉടമയും ജീവനക്കാരും അറസ്റ്റില്‍
അതേസമയം, കേസിൽ കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്ത ആറ് പേരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഹോട്ടലിലെ രജിസ്റ്ററിൽ നിന്നും പാർട്ടിയിൽ പങ്കെടുത്തതായി കണ്ടെത്തിയവരെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത്.
പാർട്ടിക്കിടയിൽ എന്തെങ്കിലും തർക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുകയെന്നതാണ് പൊലീസിന്റെ ലക്ഷ്യം. കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും ഇനി അന്വേഷണം.
Also Read: പലഹാരം വെക്കുന്ന ചില്ല് അലമാരയിൽ എലി; ബേക്കറി പൂട്ടിച്ചു