കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹാനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക തെളിവായി പൊലീസ് കരുതുന്ന ഹാർഡ് ഡിസ്കിനായി പുഴയിൽ നടത്തിയ തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. ഇന്ന് നടത്തിയ തിരച്ചിലിൽ ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല.
ഡിജെ പാർട്ടി നടന്ന ഹോട്ടൽ 18ലെ സസിസിടിവി വീഡിയോ റെക്കോഡ് ചെയ്ത വീഡിയോ കായലിലെറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് സ്കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ പൊലീസ് തിരച്ചിൽ നടത്തിയത്.
ഫയർഫോഴ്സ് സ്കൂബ ഡൈവിങ് സംഘമാണ് തിരച്ചിലിനിറങ്ങിയത്. ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചതായി ജീവനക്കാർ പറഞ്ഞ പ്രദേശത്താണ് പരിശോധന. ഈ മൊഴി നൽകിയ ജീവനക്കാരെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

ഹാർഡ് ഡിസ്ക് ഉപേക്ഷിച്ച് ദിവസങ്ങൾ കഴിഞ്ഞതിനാലും പ്രദേശത്ത് ഒഴുക്ക് കൂടുതലായതിനാലും ഹാർഡ് ഡിസ്ക് കണ്ടെത്താൻ സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ഹാർഡ് ഡിസ്ക് മറ്റെവിടെയെങ്കിലും ഒളിപ്പിച്ച് വച്ചിരിക്കാൻ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു.

സംഭവത്തിൽ ഡിജെ പാർട്ടി നടന്ന ഹോട്ടൽ18ന്റെ ഉടമ റോയ് വയലാട്ട് ഹോട്ടൽ ജീവനക്കാരായ വിൽസൻ റെയ്‌നോൾഡ്, എംബി മെൽവിൻ, കെകെ.അനിൽ, ജിഎ സിജുലാൽ, വിഷ്‌ണുകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് അവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
മരിച്ച മോഡലുകളുടെ കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കാറിനെ താൻ പിന്തുടർന്നിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടെന്നും സൈജു മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
Also Read: മോഡലുകളുടെ അപകട മരണം: ഹോട്ടലുടമ അടക്കം ആറ് പ്രതികൾക്കും ജാമ്യം