ആലപ്പുഴ: കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുടുംബ വീടിനോട് ചേർന്ന ചേന്നംകരി സെന്റ് പോൾസ് മർത്തോമ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ തോമസ് ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അർബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.
Read More: മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു
പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു തോമസ് ചാണ്ടി. ഗതാഗതമന്ത്രിയായാണ് പിണറായി മന്ത്രിസഭയിൽ പ്രവർത്തിച്ചത്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതൽ മൂന്ന് തവണയണ് കുട്ടനാട്ടിൽ നിന്ന് എംഎൽഎയായത്. അർബുദബാധയെ തുടർന്ന് ഏറെ വർഷങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യ നില കൂടുതൽ വഷളായതിനെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ബെറ്റി, ഡോ. ടോബി. ടെസി. മരുക്കള്‍: ഡോ. അന്‍സു, ജോയല്‍ ജേക്കബ്.
കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്ക് ഗതാഗതമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.