തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഉന്നതവിദ്യാഭ്യസ മന്ത്രിയും എം.എല്‍.എയുമായ കെ. ടി. ജലീല്‍. മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നതെന്ന് ജലീല്‍ ആരോപിക്കുന്നു. തക്കപ്രതിഫലം കിട്ടിയാല്‍ എന്ത് കടും കൈയും ആര്‍ക്കു വേണ്ടിയും ചെയ്യുമെന്നും ജലീല്‍ വിമര്‍ശിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ ഉന്നം വച്ചാണ് ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
“മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിതസമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് പുതിയ ”കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച “മാന്യനെ” ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാട്,” ജലീല്‍ പറഞ്ഞു.
“2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിൻ്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. “ജാഗരൂഗരായ” കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. “പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്നല്ലേ പ്രമാണം,” ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിനെ തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ജലീല്‍ മന്ത്രസ്ഥാനം രാജിവച്ചിരുന്നു. മന്ത്രി പദവി സ്വകാര്യ താത്പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതെന്നായിരുന്നു ലോകായുക്ത കണ്ടെത്തിയത്. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി.
Also Read: സംസ്ഥാനത്തെ കോവിഡ് വ്യാപനം മൂന്നാഴ്ചയ്ക്കുള്ളില്‍ കുറയും: ആരോഗ്യമന്ത്രി