/indian-express-malayalam/media/media_files/0lWwkm57vqHZqkLW7FtH.jpg)
തൃശ്ശൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ (83) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 9.35നായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവും ആയിരുന്നു. 1991 മുതൽ 1994 വരെ കെ കരുണാകരന്റെയും, 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു.
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ച വിശ്വനാഥന്‍, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയായിരുന്നു കെ പി വിശ്വനാഥൻ. യൂത്ത് കോൺഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 സംഘടനയുടെ തൃശ്ശൂർ ജില്ലാ പ്രസിഡന്റായിരുന്നു.
1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1994 വരെ കെ. കരുണകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമർശത്തെ തുടർന്ന് രാജിവച്ചു. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.
വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ് നേടിയിട്ടുള്ള അദ്ദേഹത്തിന് തൃശൂർ ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ അവാർഡും (മാതൃക സമാജിക്) ലഭിച്ചിട്ടുണ്ട്. കെപിസിസി എക്സിക്യൂട്ടീവ് അംഗം, തൃശൂർ ഡി.സി.സി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയർമാൻ, ഡയറക്ടർ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.