കാസര്‍കോഡ്: വിവാദമായ മരം മുറി ഉത്തരവില്‍ മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരെ ആരോപണം. ഉത്തരവിറക്കാന്‍ നിര്‍ദേശം നല്‍കിയത് ഇ ചന്ദ്രശേഖരന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലെന്നാണ് ആരോപണം. മരം മുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുന്‍ മന്ത്രി നിര്‍ദേശിച്ച കുറിപ്പ് വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടു. അതേസമയം എന്ത് ആരോപണം നേരിടാനും തയാറാണെന്ന് ചന്ദ്രശേഖരന് മാധ്യമങ്ങളോട് പറഞ്ഞു.
“ഒക്ടോബറില്‍ റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവ് എന്റെ പൂര്‍ണ അറിവോടെയാണ്. അന്നത്തെ സര്‍ക്കാരിന്റെ കാലത്ത് പൊതുവായി നടത്തിയ ചര്‍ച്ചയുടേയും സര്വകക്ഷിയോഗത്തിന്റേയും തീരുമാനത്തിന്റെ വെളിച്ചത്തില്‍, കര്‍ഷകര്‍ക്ക് സഹായകരമായ രീതിയില്‍ എടുത്ത തീരുമാനമാണ്,” ഇ ചന്ദ്രശേഖരന് കാസര്‍കോഡ് മാധ്യമങ്ങളോട് വ്യക്തമാക്കി.
“1964 ലെ ഭുമി പതിവ് ചട്ടമനുസരിച്ച്, ഭൂമി പതിച്ച് നല്‍കിയിട്ടുള്ള ആളുകള്‍ ലഭിച്ച ഭൂമിയില്‍ അവര്‍ വച്ചുണ്ടാക്കിയ മരങ്ങള്‍ മുറിക്കാനാണ് ഉത്തരവ്. പക്ഷെ രാജകീയ മരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ആ മരങ്ങള്‍ ഭൂമി നല്കുമ്പോള് അവര്‍ക്ക് കൊടുക്കില്ല. അത്തരം മരങ്ങള്‍ ആര്‍ക്കും മുറിക്കാന്‍ അധികാരമില്ല,” മുന്‍മന്ത്രി കൂട്ടിച്ചേര്‍ത്തു.
“രാജകീയ മരങ്ങള്‍ മുറിക്കാന്‍ ഒരു അനുവാദവും ആര്‍ക്കും കൊടുത്തിട്ടില്ല. ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാരില്‍ നിന്ന് പോയതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി ഇറക്കിയിട്ടുള്ളത്. റവന്യു സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം മരം മുറിക്കാന്‍ എത്തിയ കര്‍ഷകരെ റവന്യു ഉദ്യോഗസ്ഥര്‍ തടയുന്നു എന്ന പരാതിയുണ്ടായി. അത് യാതൊരു കാരണവശാലും അനുവദിക്കില്ല എന്നാണ് പറഞ്ഞിരുന്നത്,” അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്റെ നേരിട്ടുള്ള പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
Also Read: മുട്ടിൽ മരംമുറി: പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ