ആലപ്പുഴ: കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. എന്‍സിപി സംസ്ഥാന അധ്യക്ഷനാണ്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്നാണ് പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ചേന്നംകരി സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ.

കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്ക് ഗതാഗതമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മാർത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച കലക്ടറുടെ റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഗുരുതര ആരോപണങ്ങളുള്ള കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്.

Read Also: ഉന്നാവ് പീഡനക്കേസ്: ബിജെപി മുന്‍ എംഎല്‍എ സെന്‍ഗറിന് ജീവപര്യന്തം

ഗതാഗതമന്ത്രിയായാണ് പിണറായി മന്ത്രിസഭയിൽ പ്രവർത്തിച്ചത്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതൽ മൂന്ന് തവണയണ് കുട്ടനാട്ടിൽ നിന്ന് എംഎൽഎയായത്. ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ബെറ്റി, ഡോ. ടോബി. ടെസി. മരുക്കള്‍: ഡോ. അന്‍സു, ജോയല്‍ ജേക്കബ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.