തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തികള്‍ക്കെതിരായി ഒന്നുമില്ലെന്ന് മുന്‍ മന്ത്രി എ.കെ.ബാലന്‍. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വിവാദങ്ങള്‍ സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സമഗ്രമായ നിയമനിര്‍മ്മാണം വരുമെന്നും എ.കെ.ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
“ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങല്‍ സര്‍ക്കാര്‍ പൂഴ്ത്തി വയ്ക്കുന്നു, പറയാന്‍ മടിക്കുന്നു, സര്‍ക്കാരിന് ആശങ്കയുണ്ട് എന്നൊക്കെ പറയുന്നു. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും ഈ റിപ്പോര്‍ട്ടില്‍ ഇല്ല. അവര്‍ക്ക് വ്യക്തിപരമായി ചില കത്തുകള്‍ ലഭിച്ചിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ആ വിശദാംശങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നില്ല, അത് അവരുടെ കൈയില്‍ തന്നെയാണ് ഉള്ളത്. എന്നാല്‍ ഇത്തരം പ്രവണതകളുമായി ബന്ധപ്പെട്ട് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഏത് രൂപത്തിലുള്ള നിയമനിര്‍മ്മാണം വേണമെന്നുമാണ് അവര്‍ തീരുമാനിക്കേണ്ടതുള്ളൂ,” എ.കെ.ബാലന്‍ വ്യക്തമാക്കി.
“പല പ്രമുഖരേയും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്ന ആക്ഷേപവും ബാലന്‍ തള്ളി. അത്തരത്തിലൊന്നുമില്ല, ഇതില്‍ മൂന്ന് നാല് ചേരികളുണ്ട്. ചിലര്‍ക്ക് അവരുടെ മനസില്‍ മറ്റ് ചിലര്‍ ശത്രുക്കളായുണ്ട്. അവരെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കണം എന്നതുപോലെയുള്ള ചിന്താഗതിയുടെ ഭാഗമായി വരുന്നതാണ് ഇത്തരം കാര്യങ്ങള്‍. നമ്മളൊരു കമ്മിറ്റിയെ വയ്ക്കുന്നത് ഏതെങ്കിലുമൊരു വ്യക്തിയുടെ പ്രശ്നവുമായി ബന്ധപ്പെട്ടുള്ളതല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി സംബന്ധിച്ച് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച നിരാശജനകമെന്ന് വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ പുറത്തുവിടണമെന്ന് ചർച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പ്രതിനിധികൾ ആവശ്യപ്പെട്ടു. വളരെ സമയമെടുത്ത് സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിരീക്ഷണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം.
Also Read: ജനത്തെ വലച്ച് കെഎസ്ആര്‍ടിസി പണിമുടക്ക്; സര്‍വീസുകള്‍ മുടങ്ങി