കോട്ടയം: കന്യാസ്ത്രിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ വിധി അംഗീകരിക്കാൻ കഴിയാത്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ഹരിശങ്കർ. എന്ത് സന്ദേശമാണ് വിധി നൽകുന്നതെന്നും അപ്പീൽ പോകുമെന്നും മുൻ കോട്ടയം എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ദൗർഭാഗ്യകരമായ വിധിയാണ്. നൂറ് ശതമാനം ശിക്ഷ ലഭിക്കുമെന്ന് കരുതിയ കേസാണ്. എങ്ങനെ ഇത്തരമൊരു വിധി വന്നു എന്നത് ഇന്ത്യൻ നിയമവ്യവസ്ഥയിൽ തന്നെ അത്ഭുതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ട സ്ത്രീ 2018 ലാണ് കേസുമായി വരുന്നത്. താൻ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കാൻ കഴിയുന്ന ഒരാളാണ് പീഡകൻ. ഉടനെ പ്രതികരിക്കുന്നത് തന്റെ ജീവിതത്തെ പലതരത്തിൽ ബാധിച്ചേക്കുമെന്ന സാഹചര്യത്തിൽ ഒരുപാട് മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ച് കൗൺസിലർമാരെയെല്ലാം കണ്ട് കുമ്പസാരവും പ്രാർത്ഥനകളും നടത്തി ഒടുവിലാണ് അവർ ഇത് മറ്റു കന്യാസ്ത്രികളോട് തുറന്ന് പറയുന്നതും പ്രതിഷേധ സ്വരം ഉയർത്തിയതും ബിഷപ്പിനെതിരെ കേസ് നൽകിയതും. സഭയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ കാരണമാണ് കേസ് നൽകുന്നത് വൈകിയത്.
കേസിൽ മൊഴി നൽകിയവരെല്ലാം സാധാരണക്കാരാണ്. പലർക്കും മൊഴിനൽകുന്നതിന് വീട്ടിൽ നിന്ന് പോലും എതിർപ്പുകളുണ്ടായിരുന്നു അതൊക്കെ മറികടന്നാണ് കൃത്യമായി മൊഴി നൽകിയത്. കൃത്യമായ ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നു.
ഇത്തരത്തിൽ ഒരുപാട് തെളിവുകൾ നിലനിൽക്കുന്ന പീഡനകേസ് പരിഗണിക്കുന്നതിന് സുപ്രീം കോടതിയും ഹൈക്കോടതിയും വെച്ചിട്ടുള്ള കൃതമായ മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരയുടെ മാനസികാവസ്ഥയും മൊഴിയും ഉൾക്കൊണ്ടാണ് പൊതുവെ മേൽക്കോടതികളുടെ വിധികളുണ്ടായിട്ടുള്ളത്. ഇരയുടെ മൊഴി തെളിവായി സ്വീകരിക്കാമെന്ന നിർദേശം സുപ്രീംകോടതിയും നൽകിയിട്ടുണ്ട്. ആ സാഹചര്യത്തിൽ വളരെ ഞെട്ടലോടെയാണ് ഈ വിധിയെ നോക്കിക്കാണുന്നത്.
Also Read: ദൈവത്തിന് സ്തുതിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസമെന്ന് ലൂസി കളപ്പുര
ഇതിനൊരു സാമൂഹിക വീക്ഷണം കൂടിയുണ്ട്. ഒരു കന്യാസ്ത്രീ അവർക്കു കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചുകയറി ഇവിടെ വരെ പോരാടിയ കേസാണിത്. സംരക്ഷിക്കേണ്ടവർ തന്നെ പീഡകരാകുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. അവിടെയെല്ലാം ജീവൻ ഭയന്ന് നിശബ്ദരായി ഇരിക്കുന്നവരുണ്ടാകും. അങ്ങനെയുള്ളവർക്ക് ഈ കോടതി വിധി എന്തു സന്ദേശമാണു കൊടുക്കുന്നത്? അവർ എന്നും നിശബ്ദരായി കഴിയണമെന്നാണ് ഈ വിധിയിലൂടെ കോടതി പറയുന്നതെങ്കിൽ അത് സമൂഹത്തിനു നൽകുന്നതു തെറ്റായ സന്ദേശമാണെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു.
പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളാരും വിശ്വസനീയമായി പറയാൻ കഴിയുന്നവരായിരുന്നില്ല. പ്രോസിക്യൂഷന്റെ സാക്ഷികൾ വളരെ കൃത്യമായി തന്നെ മൊഴി നൽകുകയും ചെയ്തു. ഇതിനെ കോടതി എന്ത് വ്യാഖ്യാനമാണ് നടത്തിയിട്ടുള്ളതെന്നു വിധിപ്പകർപ്പ് ലഭിച്ചാലേ അറിയാനാകൂവെന്നും ഹരിശങ്കർ പറഞ്ഞു.
Also Read: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ