Latest News

‘ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ടു, സൈബർ ആക്രമണങ്ങൾക്ക് ലീഗ് നേതൃത്വം മറുപടി പറയണം’: ഹരിത മുൻ നേതാക്കൾ

പരാതി പാർട്ടിക്ക് എതിരെയല്ല വ്യക്തികൾക്ക് എതിരെയാണെന്നും നേതാക്കൾ പറഞ്ഞു

Photo: screengrab

കോഴിക്കോട്: ലൈംഗികാധിക്ഷേപ പരാതിയിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരിത മുൻ നേതാക്കൾ. തങ്ങൾ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വെർബൽ റേപ്പുമാണ് നേരിടുന്നതെന്നും അതിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

നവാസിന്റെ പരമാർശം ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് ആവർത്തിച്ച നേതാക്കൾ പാർട്ടിക്ക് പരാതി നൽകാൻ വൈകിയിട്ടില്ലെന്നും വ്യക്തമാക്കി. ജൂൺ 24ന് ആണ് പരാമർശം ഉണ്ടായത്. ജൂൺ 27ന് തന്നെ അഞ്ച് പേജ് വരുന്ന പരാതി നേതൃത്വത്തിന് നൽകി. പാർട്ടിക്ക് പരാതി നൽകി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും മുൻ പ്രസിഡന്റ് മുഫീദ തസ്നിയും ജനറൽ സെക്രട്ടറി നജ്മ തബ്ഷിറയും വ്യക്തമാക്കി.

തങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നലുണ്ടായപ്പോഴാണ് അഞ്ചു പേജുള്ള പരാതി നല്‍കിയത്. ഹരിത പ്രവർത്തകർക്കും ആത്മാഭിമാനം വലുതാണ്. പരാതി മെയിലിലൂടെയും നേരിട്ടും നേതൃത്വത്തെ അറിയിച്ചു. അടിയന്തരമായി നടപടിയെടുക്കണം എന്ന് അപേക്ഷിച്ചു. ഞങ്ങളെ കേൾക്കണമെന്ന് അഭ്യർത്ഥിച്ചു. ഞങ്ങളുടെ വേദന കാണാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. പരാതി ഉൾകൊള്ളാൻ അവർക്കായിട്ടില്ല.

പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് പരസ്യപ്രതികരണത്തിന് തയ്യാറാവാതിരുന്നത്. പരാതി പാർട്ടിക്ക് എതിരെയല്ല വ്യക്തികൾക്ക് എതിരെയാണെന്നും നേതാക്കൾ പറഞ്ഞു.

Also Read: കാര്യങ്ങൾ പറയുമ്പോൾ സ്വയം ഉള്ളിലേക്ക് നോക്കിയിട്ട് പറയുന്നതാണ് എല്ലാവർക്കും നല്ലത്: അനിൽകുമാർ

ഹരിതയിലെ പെൺകുട്ടികൾ സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ നടന്നു. ഹരിതയെ നയിക്കുന്നത് ഒരു സൈബർ ഗുണ്ടയാണെന്ന് പ്രചരിപ്പിച്ചു. അയാളുടെ കയ്യിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ഉണ്ടെന്നും അത് പുറത്തുവിട്ടാൽ നിരവധി പെൺകുട്ടികൾ ആത്മഹത്യ ചെയ്യുമെന്നും നവാസ് പറഞ്ഞു. ഇതിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. ഞങ്ങള്‍ ആരുടേയെങ്കിലും വാക്ക് കേട്ട് തുള്ളാന്‍ ചാടിക്കളിക്കുന്ന കുരങ്ങന്‍മാരല്ല . ഒരു സിസ്റ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ലീഗ് ജനല്‍ സെക്രട്ടറി ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു. അത് വലിയ വിഷമം ഉണ്ടാക്കുന്നു.

വായനയിലൂടെയും ഇടപെടലിലൂടെയും ഞങ്ങൾ ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ള കാപിറ്റലിനെ റദ്ദ് ചെയ്തുകൊണ്ട് ആരോ പറയുന്ന വാക്കുകൾക്ക് ചാടിക്കളിക്കുന്ന കുരങ്ങൻമാരായി ഞങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് നീതീകരിക്കാനാവില്ല.

തങ്ങൾ നേരിടുന്നത് രണ്ടോ മൂന്നോ ആളുകളുടെ പ്രശ്നമല്ല. ഇതിനകത്തെ പെൺകുട്ടികളുടെ ഐഡൻറിറ്റിയെ ചോദ്യം ചെയ്യുന്നതാണ് പ്രശ്നം. ഇതേ ആദർശത്തിൽ തന്നെ മുന്നോട്ട് പോകണമെന്നുണ്ട്. വിശാലാർത്ഥത്തിൽ ജനാധിപത്യം ഉൾകൊള്ളുന്ന പെൺകുട്ടികളുടെ കൂട്ടായ്മയായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.

അതിനിടെ, ഹരിത നേതാക്കളെ പിന്തുണച്ചതിന് എംഎസ്എഫ് വൈസ് പ്രസിഡന്റ് ഷൈജലിനെ സ്ഥാനത്ത് നിന്നും നീക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന പേരിലാണ് നടപടി. ഹരിത നേതാക്കളുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് കാണിച്ചു നേതൃത്വത്തിന് കത്ത് നൽകിയവരിൽ ഒരാളായിരുന്നു ഷൈജൽ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Former haritha leaders press meet

The moderation of comments is automated and not cleared manually by malayalam.indianexpress.com