തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ ഹരജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ഭരണഘടനാ ബാധ്യത സംസ്ഥാന സര്‍ക്കാറിനില്ലെന്ന് മുൻ കേരള ഗവർണർ പി.സദാശിവം. എന്നാൽ മര്യാദയെന്ന നിലയില്‍ ഗവര്‍ണറെ അറിയിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് പി.സദാശിവം തന്റെ നിലപാട് വ്യക്തമാക്കിയത്.

“സുപ്രധാന വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോഴോ നിയമനിര്‍മ്മാണം നടത്തുമ്പോഴോ മര്യാദയെന്ന നിലയില്‍ സര്‍ക്കാരിന് ഗവര്‍ണറെ അറിയിക്കാം. അതാണ് ഉചിതം. എന്നാൽ ഇത് ഭരണഘടനാ ബാധ്യതയല്ല. ദൈനംദിനം കാര്യങ്ങൾ എല്ലാം ഗവർണറെ അറിയിക്കണം എന്നില്ല,” പി.സദാശിവം പറഞ്ഞു.

Read More: ഒന്നും പറയണ്ട; സര്‍ക്കാരിനെതിരെ വാളോങ്ങി ഗവര്‍ണര്‍, വിശദീകരണത്തില്‍ അതൃ‌പ്‌തി

പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ചട്ടപ്രകാരം ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യതയുണ്ടായിട്ടും അത് ലംഘിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ ആരിഫ് മുഹമ്മദ്ഖാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഗവർണർ സംസ്ഥാന സർക്കാരിൽനിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു.

അതേസമയം, സുപ്രീം കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ ചട്ടലംഘനം നടന്നട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. ഗവര്‍ണരുടെ അധികാരത്തിന്മേൽ കടന്നുകയറ്റം നടത്തിയിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല. സർക്കാർ മനഃപൂർവം ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും ഗവർണറെ അവഗണിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയത്.

എന്നാൽ സർക്കാർ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സർക്കാരിനെതിരെ ഗവർണർ വീണ്ടും വിമർശനമുന്നയിച്ചത്.

സംസ്ഥാനത്തെ ഭരണസംവിധാനം തകരാൻ അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു. രാഷ്‌ട്രപതി ഒപ്പുവച്ച നിയമത്തിനെതിരെ കോടതിയെ സമീപിച്ച സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ഗവർണർ ആവർത്തിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ നിയമപരമാണോയെന്ന് നിരീക്ഷിക്കും. തുടർ നടപടികൾ എന്താണെന്ന് ഇപ്പോൾ വിശദീകരിക്കാൻ സാധിക്കില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.

Read More: മനഃപൂര്‍വ്വം ചട്ടലംഘനം നടത്തിയിട്ടില്ല; ഗവര്‍ണർക്ക് സര്‍ക്കാരിന്റെ വിശദീകരണം

ഗവർണർ പദവി എടുത്തുകളയമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിമർശനത്തെ ഗവർണർ പരിഹസിച്ചിരുന്നു. അങ്ങനെയൊരു സ്ഥിതിയിലല്ല സിപിഎമ്മെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസം. എന്നാൽ, സർക്കാരുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തിരുന്നു.

താൻ ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നത് നിയമമാണെന്നും ഗവർണർ പറഞ്ഞിരുന്നു. ഗവർണറെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമലംഘനമല്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ അത് നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെടുകയുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.