നിയമ സെക്രട്ടറി ഇറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ഹാരിസൺ​ ഭൂമി പ്രശ്നം പുതിയ തലങ്ങളിലേയ്ക്കു പോവുകയാണ്. സിപി ഐയുടെ താൽപര്യപ്രകാരം മുൻ ഗവ: സ്പെഷൽ ​പ്ലീഡറായിരുന്ന സുശീലാഭട്ടിനെ മാറ്റിയതു മുതൽ ഈ​ കേസ് അട്ടിമറിക്കാനുളള​​ ശ്രമമാണെന്ന ആരോപണം ഉയർന്നിരുന്നു. ആ ആരോപണങ്ങളെ ശരിവെയ്കുന്ന വിധത്തിലാണ് പിന്നീട് സർക്കാർ നടപടികൾ മുന്നോട്ട് പോയത്. ഇതിനെ മറച്ചുപിടിക്കാനാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ വിവാദങ്ങളുണ്ടാക്കിയതെന്നും സെക്രട്ടേറിയറ്റിന്റെയും രാഷ്ട്രീയ ഉപശാലകളിലെയും  ഇടനാഴി വർത്തമാനങ്ങൾ ഉയരുന്നുണ്ട്. ഇതിനിടയിലാണ്  നിയമസെക്രട്ടറി ഹാരിസണെ സഹായിക്കുന്നതെന്ന് ആരോപണമുയർന്ന റിപ്പോർട്ട് മുന്നോട്ടു വച്ചത്. ഈ  റിപ്പോർട്ട് പുറത്തുവന്നതോടെ ഹാരിസൺ പുതിയ അവകാശവാദങ്ങളുമായി രംഗത്തുവന്നുവെന്ന് അവർക്കെതിരായി നിലപാട് എടുക്കുന്നവർ പറയുന്നു. ഹാരിസൺ മുന്നോട്ട് വെയ്ക്കുന്ന നിലപാടുകളും അതിനെതിരായി മുൻ ഗവഃ സെപ്ഷൽ പ്ലീഡർ സുശീല ആർ ഭട്ടിന്റെ നിലപാടകളും വായനക്കാരുടെ മുന്നിൽ വെയ്ക്കുയാണ്.

harison, land issue, press note

ഹാരിസണിന്റെ അവകാശങ്ങളടങ്ങിയ പത്രക്കുറിപ്പ്

ഹാരിസൺ മലയാളം ഉള്‍പ്പടെയുള്ള കമ്പനികളുടെ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന തരത്തിൽ  സംസ്ഥാന നിയമവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ടു സമര്‍പ്പിച്ചതോടെ ഭൂമിയിൽ തങ്ങളുടെ അവകാശവാദവുമായി ഹാരിസണ്‍ മലയാളം കമ്പനിയുടെ നിലപാട് വിവാദമാകുന്നു. ഭൂമി വിഷയത്തില്‍ മുൻ സര്‍ക്കാരും കോടതിയും കടുത്ത നിലപാടുകളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ നിശബ്ദമായിരുന്ന ഹാരിസൺ മലയാളം കമ്പനി അധികൃതരാണ് ഇപ്പോള്‍ നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടു പുറത്തുവന്നതോടെ വീണ്ടും ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചു രംഗത്തെത്തിയിരിക്കുന്നത്.  നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങൾ ഉയര്‍ത്തിയാണ്  ഹാരിസണ്‍ മലയാളം കമ്പനി ലീഗൽ വൈസ് പ്രസിഡന്റ്  വേണുഗോപാലിന്റെ പേരില്‍ പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഹാരിസണിന്റെ ഭൂമി സര്‍ക്കാർ ഏതെങ്കിലും തരത്തിൽ ഏറ്റെടുക്കുകയാണെങ്കിൽ നഷ്ടപരിഹാരം നല്‍കണമെന്നും കമ്പനി വാദിക്കുന്നു.തോട്ടം നടത്താന്‍ അനുവദിക്കണമെന്നും മരങ്ങൾ  മുറിക്കാന്‍ അനുവാദമില്ലാത്തതിനാൽ പുതിയ പ്ലാന്റേഷന്‍ നടത്താനാവുന്നില്ലെന്നും ഹാരിസണ്‍ കമ്പനി അധികൃതർ ആരോപിക്കുന്നു. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ്  ഹാരിസൺ മലയാളത്തെ തകർക്കാൻ ശ്രമിക്കുന്നതെന്നും നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തങ്ങൾ ഉയര്‍ത്തുന്ന വാദങ്ങൾ അംഗീകരിക്കുന്നവയാണെന്നും ഹാരിസൺ  മലയാളം കമ്പനി പ്രതിനിധികള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഹാരിസൺ മലയാളം ഉയര്‍ത്തുന്ന വാദങ്ങൾ പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണെന്നും വിദേശ കമ്പനിയായ ഹാരിസണിന്റെ വാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും മുൻ  സ്‌പെഷൽ  ഗവണ്‍മെന്റ് പ്ലീഡറായിരുന്ന സുശീല ആർ ഭട്ട് അവകാശപ്പെടുന്നു. ഹാരിസണ്‍ ഉയര്‍ത്തുന്ന അവകാശവാദങ്ങളെ തളളിക്കളയുകയാണ്  സുശീല ഭട്ട്. അവർ അതിനായുളള​കാരണങ്ങളും നിരത്തുന്നു.  ഇരുകൂട്ടരുടെയും അവകാശവാദങ്ങൾ ഇവയാണ്.

ഹാരിസണ്‍: ഹാരിസണ്‍ മലയാളം കൈവശംവയ്ക്കുന്ന ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയാണെന്നു കേരള ഭൂസംരക്ഷണ നിയമം 1957 അനുസരിച്ച് സര്‍ക്കാർ തെളിയിക്കണമെങ്കില്‍ ആദ്യം ഒരു സിവില്‍ കോടതിയിൽ ഭൂമിയുടെ ഉടമസ്ഥാവകാശം  തെളിയിക്കണം. തുടങ്ങിയ വാദങ്ങളാണ് ഹാരിസണ്‍ പത്രക്കുറിപ്പില്‍ ഉന്നയിക്കുന്നത്. ഹാരിസണ്‍ മലയാളത്തിന്റെ കേസുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ഓഫീസറുടെ കണ്ടെത്തലുകള്‍ ഹൈക്കോടതി അംഗീകരിച്ചുവെന്ന സര്‍ക്കാർ വാദം തെറ്റാണ്. കേസ് ഇപ്പോഴും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണയില്‍ തന്നെയാണുള്ളത്.

സുശീലാ ഭട്ട് : സിവില്‍ കോടതിയിൽ പോയി സര്‍ക്കാർ ഉടമസ്ഥാവകാശം തെളിയിക്കണം എന്നത് കേരള ഭൂ സംരക്ഷണ നിയമം സെക്ഷന്‍ 20/20(A) എന്നീ വകുപ്പുകള്‍ക്ക് എതിരാണ്. ഭൂസംരക്ഷണ നിയമപ്രകാരം സര്‍ക്കാർ ഭൂമി കൈയേറിയാല്‍ ഭൂ സംരക്ഷണ നിയമത്തിലെ വകുപ്പുകളനുസരിച്ച്  ജില്ലാ കളക്ടര്‍ക്ക് സെക്ഷന്‍ 12 പ്രകാരം നോട്ടീസ് കൊടുക്കാം. ഇതിനെ തുടർന്ന് ആരോപണ വിധേയരായവർ അവരുടെ ഉടമസ്ഥാവകാശ രേഖകളും മറ്റ് അവകാശം സ്ഥാപിക്കുന്ന രേഖകളും  കളക്ടറെ ബോധിപ്പിക്കേണ്ടതുണ്ട്. ഇത് ബോധിപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം ഉണ്ടാകൂ. അല്ലെങ്കില്‍ അവരെ ഒഴിപ്പിച്ച് ഭൂമിയിലുള്ള എല്ലാസ്ഥാവര ജംഗമ വസ്തുക്കളും കണ്ടുകെട്ടണമെന്നാണ് വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള നടപടികള്‍ക്കെതിരേ ഭൂസംരക്ഷണ  നിയമത്തില്‍ തന്നെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മുമ്പാകെ അപ്പീലും പിന്നെ അതും എതിരാണെങ്കില്‍ ഗവണ്‍മെന്റിന്റെ മുമ്പാകെ റിവിഷനും ഫയല്‍ ചെയ്യാനുള്ള പോംവഴികളുമുണ്ട്.   ഇതോടൊപ്പമാണ് സെക്ഷന്‍ 20/20 A പ്രകാരം സിവില്‍ കോടതിയെ സമീപിച്ച് ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനുള്ള വഴിയും പറഞ്ഞിരിക്കുന്നത്. ഈ വഴികൾ തുടരേണ്ടതാകട്ടെ ബന്ധപ്പെട്ട കക്ഷികളാണ് അല്ലാതെ സര്‍ക്കാരല്ല. അതുകൊണ്ട് സിവില്‍ കോടതിയെ സമീപിച്ചാല്‍ മാത്രമേ സര്‍ക്കാരിന് ഒഴിപ്പിക്കാനാവൂ എന്ന വാദം ഭൂസംരക്ഷണ നിയമത്തെ കാറ്റില്‍പ്പറത്തുന്ന പ്രതീതി ഉളവാക്കുന്നതാണ്. ഈ വാദങ്ങളൊക്കെ ഹാരിസണ്‍ ഉന്നയിച്ചത് തള്ളിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2013-ല്‍ പൊതു താല്‍പര്യ ഹര്‍ജിയിൽ സര്‍ക്കാരിന് ഭൂസംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കാമെന്നു വിധിച്ചത്. തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യൽ ഓഫീസര്‍ എംജി രാജമാണിക്യം ഹാരിസണെതിരേ ഭൂസംരക്ഷണ നിയമപ്രകാരം നടപടികളുമായി മുന്നോട്ടുപോയത്. അതുകൊണ്ട് ഈ വാദം തികച്ചും ബാലിശവും ഹൈക്കോടതി വിധിക്കെതിരുമാണ്. 25-11-2015 ലെ ഹാരിസണെതിരേയുള്ള വിധിയില്‍ ഹൈക്കോടതി വളരെ സ്പഷ്ടമായി രാജമാണിക്യം റിപ്പോര്‍ട്ട് സാധൂകരിക്കുകയും ഹാരിസണെതിരേ നിരവധി കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്.  ഈ നിയമ വകുപ്പുകളും സര്‍ക്കാരിന് അനൂകൂലമായ ഹൈക്കോടതി വിധികളും കണ്ടില്ലായെന്നു നടിച്ച് റിപ്പോര്‍ട്ടു തയാറാക്കുന്നത് നിഗൂഢമാണ്.

ഹാരിസണ്‍: ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി സര്‍ക്കാർ ഏറ്റെടുക്കുകയാണെങ്കില്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കി മാത്രമേ ഭൂമി ഏറ്റെടുക്കാനാവൂ?

susheela r bhatt, suseela bhatt, harison land issue

സുശീല ആർ ഭട്ട്, മുൻ ഗവഃ സെപ്ഷ്യൽ പ്ലീഡർ

സുശീലാ ഭട്ട് : സര്‍ക്കാർ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കല്‍ നടപടി ഭൂസംരക്ഷണ നിയമപ്രകാരമാണ് ചെയ്യേണ്ടത്. സെക്ഷന്‍ 11 പ്രകാരം സര്‍ക്കാർ ഭൂമി ഒഴിപ്പിച്ചെടുത്താല്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ സ്ഥാവരജംഗമ വസ്തുക്കളും സര്‍ക്കാരിന്റേതാകും. അതു സര്‍ക്കാർ ഉടമസ്ഥാവകാശമായി കണക്കാക്കേണ്ടി വരും. അതാണ് ഭൂസംരക്ഷണ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ അവര്‍ക്കെതിരേ ക്രിമിനല്‍ കേസും പിഴ ഈടാക്കാനുമുളള അധികാരമാണ് കളക്ടര്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ കൈയേറ്റക്കാര്‍ക്ക് എങ്ങനെ നഷ്പരിഹാരം നല്‍കാനാവും.ഹാരിസണ്‍ മലയാളത്തിനെതിരായ രാജമാണിക്യത്തിന്റെ നടപടികള്‍ ഭൂസംരക്ഷണ നിയമപ്രകാരമാണ്. രാജമാണിക്യം കളക്ടര്‍ എന്ന നിലയിലാണ് കൈയേറ്റ ഭൂമി ഹാരിസണിന്റെ പക്കല്‍ നിന്ന് ഏറ്റെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അവര്‍ക്കു നഷ്ടപരിഹാരം നല്‍കമെന്ന ആവശ്യം വിചിത്രമായ വാദമാണ്. ഈ വാദം അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാർ ഭൂമി കൈയേറിവര്‍ക്കെല്ലാം സര്‍ക്കാർ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

ഹാരിസണ്‍: റിസര്‍ബാങ്ക് ഓഫ് ഇന്ത്യയ്ക്കു മാത്രമേ ഫെറ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടാപെടാനാകൂ. ഫെറ സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാരിനോ മറ്റേതെങ്കിലും ഏജന്‍സിക്കോ നിയമപരമായ അധികാരമില്ല.

സുശീലാ ഭട്ട് : ഈ കാര്യങ്ങളെല്ലാം 25-11-2015-ലെ ഹൈക്കോടതി വിധി വായിച്ചാല്‍ തന്നെ ബോധ്യമാകും. അതിനു ഘടകവിരുദ്ധമായാണ് ഈ വാദങ്ങള്‍ നിരത്തുന്നത്. ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നത് ഒരു വിദേശ കമ്പനിക്ക് ഭൂപരിഷ്‌കരണ നിയമപ്രകാരം കുടിയാനാകാന്‍ കഴിയില്ലായെന്നാണ്. ഹാരിസണ്‍ കേസിലെ പ്രധാന വാദമായി സര്‍ക്കാർ ഉന്നയിക്കുന്നത് വിദേശ കമ്പനി വ്യാജ രേഖകളുടെ പിന്‍ബലത്തിൽ  ഭൂപരിഷ്‌കരണ നിയമങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി സർക്കാർ ഭൂമി  കൈയേറി അനുഭവിക്കുകയാണെന്നാണ്. ഹൈക്കോടതി വിധിയില്‍ തന്നെ പരാമര്‍ശിക്കുന്നുണ്ട് ഫെറ നിയമപ്രകാരമുള്ള യാതൊരുവിധ അനുമതികളും ഇവര്‍ സമ്പാദിച്ചിട്ടില്ലായെന്നത്.

ഹാരിസണ്‍: ഹാരിസണ്‍ മലയാളം കമ്പനി കൈവശംവയ്ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ടിന്റെ പരിധിയില്‍ വരുന്നതല്ല. ഇത്തരം ഭൂമികളുടെ കാര്യത്തില്‍ ഇത്തരം നിയമങ്ങള്‍ ബാധകമല്ല.

സുശീലാ ഭട്ട് : ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് സര്‍ക്കാർ ഉടമ്പടികള്‍ക്കു മാത്രമാണ് ബാധകം എന്ന വിചിത്ര വാദം അംഗീകരിച്ചാല്‍ സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാർ കൈവശംവച്ച ഭൂമി അവര്‍ക്ക് അവകാശപ്പെട്ടതാണെന്നതും അവര്‍ക്ക് യഥേഷ്ടം ഇവിടെ വിഹരിക്കാം, വിലസാം ഇവിടുത്തെ സമ്പത്തുകളെല്ലാം അനുഭവിക്കാമെന്നുള്ള വാദം നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അവഹേളിക്കലായിരിക്കും. ഈ വാദങ്ങളെല്ലാം ഹൈക്കോടതി വിധിയില്‍ തന്നെ നിരാകരിച്ചിട്ടുണ്ട്.

ഹാരിസണ്‍: തോട്ട ഭൂമികള്‍ക്ക് ഇളവ് അനുവദിക്കാം തോട്ടം ഉടമകളെ കുടിയാന്‍മാരായി കാണണം

സുശീലാ ഭട്ട് : 1984-ലാണ് ഹാരിസണ്‍ മലയാളം കമ്പനി  നിലവിൽ വരുന്നത്. അതിനു മുമ്പ് വിദേശ കമ്പനികളായായിരുന്നു ഈ തോട്ടഭൂമികള്‍ കൈയാളിയത്.  പാവപ്പെട്ട ഭൂരഹിതരായ കുടിയാന്‍മാര്‍ക്കു നല്‍കുന്ന കുടിയാന്‍ പട്ടയങ്ങൾ ഇംഗ്ലണ്ടിൽ  രജിസ്റ്റര്‍ ചെയ്ത വിദേശ കമ്പനി ഒരു ഭൂപരിധിയും ഇല്ലാതെ കൈവശപ്പെടുത്തിയത് സംസ്ഥാനത്തിനു തന്നെ ലജ്ഞാകരമാണ്. ഇക്കാര്യങ്ങളൊക്കെയും ഹൈക്കോടതി വിധിയില്‍ വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. അഷ്ടിക്കു വകയില്ലാത്ത ഭൂരഹിതരെ വഞ്ചിച്ചാണ് അറുപതിനായിരത്തിലധികം ഏക്കർ ഭൂമി സംസ്ഥാനത്തെ എട്ടു ജില്ലകളിലായി കൈവശപ്പെടുത്തി അനുഭവിച്ചുകൊണ്ടിരുന്നത്. ഇപ്പോഴും അനുഭവിക്കുന്നത്. മനസാക്ഷിക്കുത്തുള്ള ഏതൊരു പൗരനും ഇത് അംഗീകരിക്കാനാവില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.